ഹിന്ദി ചലച്ചിത്ര ലോകത്തെ ഇതിഹാസ നടനായിരുന്നു ഇര്‍ഫാൻ ഖാൻ. അടുത്തിടെയാണ് ഇര്‍ഫാൻ ഖാൻ അര്‍ബുദത്തെ തുടര്‍ന്ന് വിടപറഞ്ഞത്. ഞെട്ടലോടെയായിരുന്നു ചലച്ചിത്രരംഗത്തുള്ളവര്‍ ഇര്‍ഫാൻ ഖാന്റെ മരണവാര്‍ത്ത കേട്ടത്. ഇപ്പോഴിതാ ഇര്‍ഫാൻ ഖാന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് സുഹൃത്തും ഓസ്‍കര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. തമാശ ബോധമുള്ള, നടനായിരുന്നു ഇര്‍ഫാൻ ഖാനെന്നാണ് റസൂല്‍ പൂക്കുട്ടി വനിതയില്‍ പറയുന്നത്.

ഓസ്‍കര്‍ നേടി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന അവസ്ഥയില്‍ ഇര്‍ഫാനും ഒപ്പമുണ്ടായിരുന്നു. ഒരു നിയോഗം പോലെയായിരുന്നു അത്. രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങളും അവിടെയുണ്ടായി. ഓസ്‍കര്‍ നേടിയപ്പോള്‍  ഇര്‍ഫാൻ തന്നോട് പറഞ്ഞ കാര്യവും റസൂല്‍ പൂക്കുട്ടി ഓര്‍ത്തെടുക്കുന്നു. റസൂല്‍, തന്റെ കാര്യം കട്ടപ്പൊകയാണ് കേട്ടോ. താൻ ഓസ്‍കര്‍ ഒക്കെ വാങ്ങി ഇന്ത്യയില്‍ ചെല്ലുമ്പോള്‍ അവിടുള്ളോരു വിചാരിക്കും താൻ വലിയ സംഭവമാണ്. ഇനിയിപ്പോള്‍ നമ്മുടെ പടത്തിലൊന്നും  വിളിച്ചാല്‍ കിട്ടില്ല എന്ന്. ഇവിടുള്ളവര്‍ കരുതും ഓസ്‍കര്‍ കിട്ടിയതല്ലേ ഇനിയിപ്പോള്‍ ഇന്ത്യയില്‍ ഇയാള്‍ക്ക് ഭയങ്കര തിരക്കായിരിക്കും. നമുക്കൊന്നും കിട്ടില്ലാ എന്ന് ഇവര്‍ വിചാരിക്കും. എന്തായാലും തന്റെ കാര്യം തീര്‍ന്നുവെന്നുമാണ് അന്ന് തമാശയായി ഇര്‍ഫാൻ പറഞ്ഞത് എന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കുന്നു. ഓസ്‍കര്‍ വാങ്ങി മുംബൈയില്‍ എത്തിയപ്പോള്‍ വലിയ ജനാവലി ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. പൊലീസ് എത്തി അവരുടെ ജീപ്പില്‍ ഞങ്ങളെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. താനും ഭാര്യയും ഇര്‍ഫാനും ഭാര്യയുമായിരുന്നു ജീപ്പില്‍ എന്ന് റസൂല്‍ പൂക്കുട്ടി ഓര്‍മ്മിക്കുന്നു. അപ്പോഴും ഇര്‍ഫാൻ തമാശ പറയുകയായിരുന്നു. ഇത് ശരിക്കും ഇന്ത്യയില്‍ മാത്രം നടക്കുന്നതാണ്. ഓസ്‍കര്‍ വാങ്ങി വന്നിട്ട് കള്ളൻമാരെ പോലെ പൊലീസ് ജീപ്പില്‍ പോവുക എന്നാണ് ഇര്‍ഫാൻ പറഞ്ഞത് എന്ന് റസൂല്‍ പൂക്കുട്ടി വെളിപ്പെടുത്തി.