അമൽ നീരദ്, നിഖില വിമൽ എന്നിവരുൾപ്പെട്ട 26 അംഗ പുതിയ ഭരണസമിതിയും നിലവിൽ വന്നു. 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി. ഗുരുതുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് താന്‍ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നാണ് ആഗ്രഹം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി ആണ്, റസൂല്‍ പൂക്കുട്ടി സ്ഥാനലബ്ധിയെക്കുറിച്ച് പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല ഉണ്ടായിരുന്ന പ്രേംകുമാര്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവില്‍ വരുന്നത്. അമൽ നീരദ്, ശ്യാം പുഷ്കരന്‍, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി രാഗേഷ് അടക്കം 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പുതിയ ചെയര്‍മാനെയും ഭരണസമിതിയെയും കാത്തിരിക്കുന്നത് ഏറെ തിരക്കുള്ള മാസങ്ങളാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ചയാണ് നടക്കുക. ഒപ്പം ഐഎഫ്എഫ്കെ ഡിസംബറില്‍ വരാനിരിക്കുന്നു. സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതും നാളെ പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നതിനാലും നാളെ നടക്കേണ്ട അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജൂറി ചെയര്‍മാനായ പ്രകാശ് രാജിന് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതായുമുണ്ട്. അതേസമയം 2024 ലെ അവാർഡിനായി പ്രധാന കാറ്റഗറികളിൽ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ് വിവരം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്