2024ലെ അവാർഡിനായി പ്രധാന കാറ്റഗറികളിൽ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ് വിവരം.

കൊച്ചി: നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. തിങ്കളാഴ്ച തൃശൂരിൽ വെച്ചായിരിക്കും പ്രഖ്യാപനം. സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതും നാളെ പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നതിനാലുമാണ് അവാർഡ് പ്രഖ്യാപനം മാറ്റിയത്. സിനിമാ സാംസ്ക്കാരിക മന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പ്രഖ്യാപനം തൃശൂരിൽ നടത്തുന്നത്. നാളെ ജൂറി ചെയര്‍മാനായ പ്രകാശ് രാജിന് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകേണ്ടതായുമുണ്ട്. 2024ലെ അവാർഡിനായി പ്രധാന കാറ്റഗറികളിൽ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ് വിവരം.

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. 35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനക്ക് വന്നു എന്നാണ് സൂചന. പുതുമുഖ താരങ്ങളും നവാഗത സംവിധായകരും എല്ലാം ഇക്കുറി പരിചയ സമ്പന്നർക്ക് വെല്ലുവിളി ഉയർത്തുമെന്നാണ് വിവരം. തീയറ്ററുകളിൽ ആരവം ഉയർത്തിയ വമ്പൻ ഹിറ്റുകൾ, ചലച്ചിത്രമേളകളിൽ നിറഞ്ഞ കയ്യടി നേടിയ സിനിമകൾ, അങ്ങനെ ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരു പിടി സിനിമകളുടെ പട്ടിക ആണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിക്ക് മുന്നിലേക്കും എത്തിയത്.

കേരളക്കരയും കടന്ന് ട്രെൻഡ് സെറ്ററായി തീർന്ന മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും ആവേശവും അടക്കമുള്ളപണംവാരി ചിത്രങ്ങളും നിരൂപകർ ഒറ്റ സ്വരത്തിൽ കയ്യടിച്ച് പാസാക്കിയ ഫെമിനിച്ചി ഫാത്തിമ പോലുള്ള റിയലിസ്റ്റിക് സിനിമകളും ഇക്കൂട്ടത്തിലുണ്ട്.

128 എൻട്രികളിൽ അൻപത്തിമൂന്നും നവാഗതരുടേതാണ്. പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം പ്രകാശ് രാജ്അധ്യക്ഷനായ ജൂറിക്ക് മുന്നിലെത്തിയത് 35ഓളം ചിത്രങ്ങളാണെന്നാണ് വിവരം. നൻപകലും കാതലുമായി പോയ വർഷങ്ങളിൽ ചലച്ചിത്ര അവാർഡിൽ വെല്ലുവിളി തീർത്ത മമ്മൂട്ടി ഇത്തവണയും രംഗത്തുണ്ട്. കിഷ്കിന്ധ കാണ്ഡം അടക്കം നിരവധി ഹിറ്റുകൾ പോക്കറ്റിലുള്ള ആസിഫ് അലി ആണ് മറ്റൊരു മുഖം. വിജയരാഘവൻ, ടൊവിനോ

തോമസ്, ബേസിൽ ജോസഫ്, നസ്ലൻ എന്നിവരും നടൻമാരുടെ പട്ടികയിലുണ്ട്.നസ്രിയ നസീം, അനശ്വരാ രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി, കനി കുസൃതി, ദിവ്യപ്രഭ എന്നീ പേരുകൾക്കൊപ്പം ഫെമിനിച്ചി ഫാത്തിമയിലെ ഷംല ഹംസ, അംഅ എന്ന സിനിമയുമായി ശ്രുതി ജയൻ, മീരാ വാസുദേവ് എന്നിവരുടെ പേരുകൾ നടിമാരുടെ വിഭാഗത്തിലും ഉണ്ട്. മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയ ചിദംബരം അടക്കം പ്രതിഭാധനരുടെ നീണ്ട ലിസ്റ്റ് സംവിധായകരുടെ നിരയിലും. ചുരുക്കത്തിൽ യുവാക്കളും പുതുമുഖങ്ങളും സൂപ്പർതാരങ്ങളുമെല്ലാം ചേർന്ന് 55-ാമത് ചലച്ചിത്ര അവാർഡുകൾ പ്രവചനാതീതമാക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്