Asianet News MalayalamAsianet News Malayalam

'സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല'; ഇടവേള ബാബുവിനെതിരെ രേവതി സമ്പത്ത്

നിങ്ങളുടെ വിശ്വാസത്തിലെ "മരിച്ച മനുഷ്യർ" ഇതുപോലെ കുതിച്ചുവരുമ്പോൾ നിങ്ങളൊക്കെ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്നത് നന്നായി മനസ്സിലാകുന്നുണ്ടെന്നും രേവതി കുറിച്ചു. 

revathy sampath against idavela babu
Author
Kochi, First Published Oct 14, 2020, 9:58 AM IST

താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിന് പിന്നാലെ ഒരു ഇടവേളയ്ക്ക് ശേഷം സിനിമാമേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയാണ്. മരിച്ചുപോയവരെ വീണ്ടും കൊണ്ടുവരാൻ പറ്റുമോയെന്ന് ട്വന്റി ട്വന്റി സിനിമയെ കുറിച്ച് പരാമര്‍ശിക്കവെ ഇടവേള ബാബു പറഞ്ഞിരുന്നു. ഇത് വിവാദത്തിന് വഴിവച്ചു. പിന്നാലെ ആയിരുന്നു പാര്‍വതി സംഘടനയില്‍ നിന്ന് രാജിവച്ചത്. ഇപ്പോഴിതാ  ഇടവേള ബാബു നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

കൂടെയുണ്ടായിരുന്ന മനുഷ്യര്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത ഇടവേള ബാബു രാജിവെച്ചൊഴിയണമെന്ന് രേവതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല. സിനിമ സ്വപ്നം കാണുന്ന ആര്‍ക്ക് വേണമെങ്കിലും സൃഷ്ടിക്കാവുന്നതും ഇടപെടാവുന്നതുമായ കലയാണ് അതെന്നും രേവതി കുറിക്കുന്നു.

വസ്തുതകളും അറിയുന്ന സത്യങ്ങളും ആധാരമാക്കി വേണം സംസാരിക്കാനും വിശകലനം ചെയ്യാനും. ഇല്ലെങ്കിൽ നുണകൾ ഇടവേളകളില്ലാതെ ഇതുപോലെ പൊളിഞ്ഞു പോകും. വൈവിധ്യമുള്ള അഭിപ്രായങ്ങളും വാക്പോരുകളും സംഘടനകളും ഒക്കെ ഇനിയും ഉയർന്നു വരണമെന്നും രേവതി പറയുന്നു. നിങ്ങളുടെ വിശ്വാസത്തിലെ "മരിച്ച മനുഷ്യർ" ഇതുപോലെ കുതിച്ചുവരുമ്പോൾ നിങ്ങളൊക്കെ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്നത് നന്നായി മനസ്സിലാകുന്നുണ്ടെന്നും രേവതി കുറിച്ചു. 

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇടവേളയില്ലാത്ത വീഢിത്തരങ്ങൾ!!!

"സിനിമ മോഹിച്ച് കിട്ടാത്തവർ അസൂയകൊണ്ട് പുറത്തു ചെന്നുനിന്ന് കുറ്റം പറഞ്ഞ് സുഖം തേടുന്നു"

സിനിമ നിങ്ങളുടെ കടയിൽ വിൽക്കാൻ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല. സിനിമ സ്വപ്നം കാണുന്ന ആർക്കു വേണമെങ്കിലും സൃഷ്ടിക്കാവുന്നതും ഇടപെടാവുന്നതുമായ കലയാണ്. സിനിമയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത എല്ലാവരും നിങ്ങളെ കുറ്റം പറഞ്ഞ് സുഖം തേടുന്നു എന്നൊക്കെ തോന്നുന്നത് മനോനിലയുടെ പ്രശ്നമാണ്. ഞങ്ങളാണ് സിനിമ എന്നൊക്കെ സ്വയം തീരുമാനിക്കുന്നതിൻ്റെ പ്രശ്നമാണ്. സിനിമ മറ്റു കലകളും ജോലികളും പോലെ തന്നെയാണ്.

"ഞാനറിയുന്ന ദിലീപ് ഇത് ചെയ്യില്ല"

അപ്പോൾ അറിയാത്ത ദീലിപോ? ഒരാൾ അറിയുന്ന മറ്റൊരാൾ എന്നത് എത്രമാത്രം അബദ്ധജഡിലമായ വാദമാണെന്ന് അറിയാമോ? വസ്തുതകളും അറിയുന്ന സത്യങ്ങളും ആധാരമാക്കി വേണം സംസാരിക്കാനും വിശകലനം ചെയ്യാനും. ഇല്ലെങ്കിൽ നുണകൾ ഇടവേളകളില്ലാതെ ഇതുപോലെ പൊളിഞ്ഞു പോകും.

"മരിച്ചു പോയവരെ നമുക്ക് തിരിച്ചുകൊണ്ട് വരാൻ പറ്റില്ലല്ലോ"

നിങ്ങൾ പറയുന്നത് കേൾക്കുന്ന ബോധം ഉള്ള ഏതൊരാൾക്കും നിങ്ങൾ ഉദേശിച്ചത് എന്താണ് എന്ന് വ്യക്തമായി മനസിലാകും. നിങ്ങൾ അലിഖിതമായി എന്തൊക്കെ ചെയ്തു കൊണ്ടിരുന്നോ അത്‌ അറിയാതെ സംസാരത്തിൽ വന്നു പോയി എന്നതാണ് സത്യം. നിങ്ങളുടെ താൽപര്യങ്ങൾക്ക് അടിമപ്പെട്ടില്ലെങ്കിൽ നിങ്ങളെ സംബന്ധിച്ചടുത്തോളം അവർ മരിച്ചുപോകുന്നവരാണ്. സിനിമയിൽ നിന്ന് നിങ്ങൾക്കവരെ കൊന്നുകളയാമെന്നാണ് നിങ്ങൾ കരുതുന്നത്. ചെഗുവേരയുടെ ഒരു വാചകമുണ്ട് "കൊല്ലാനായേക്കും പക്ഷേ തോൽപ്പിക്കാനാവില്ല". ഞങ്ങൾ അതുപോലും നിങ്ങൾക്കെതിരെ ഉപയോഗിക്കുന്നില്ല. നിങ്ങൾക്ക് കൊല്ലാനുമാകില്ല, തോൽപ്പിക്കാനുമാകില്ല. കാലമൊക്കെ മാറിപോയി. പിന്നെ പറഞ്ഞശേഷം ഫിക്ഷൻ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നത് കാണുമ്പോൾ വീണടുത്ത് കിടന്ന് ഉരുളുക എന്ന പ്രയോഗം ഓർമ വരുന്നുണ്ട്. 20 20 ഒന്ന് റീവൈൻ്റ് ചെയ്ത് കണ്ടാൽ ആരാണ് മരിച്ചത് എന്നൊക്കെ വ്യക്തമാകും.

"20 20 എന്ന സിനിമ ദിലീപിന് മാത്രമേ ഗുണം ചെയ്തിട്ടുള്ളു, ബാക്കി എല്ലാരും തെണ്ടി തെണ്ടി ആയി"

ഒന്നിച്ചു ചേർന്ന് നിന്ന് കൊണ്ട് കെട്ടിപ്പടുത്ത ഒരു സിനിമയിൽ ഒരാൾക്കു മാത്രമാണ് ഗുണം ഉണ്ടായത് എന്നാണ് ഇദ്ദേഹം പറയുന്നത്. അറിയാതെ വായിൽ നിന്ന് സത്യങ്ങൾ വീണു പോയത് ആണെന്നാണ് തോന്നുന്നത്. സൂപ്പർ ഹിറ്റ് ആയെന്നു അവകാശപെടുന്നൊരു സിനിമയിൽ നിർമാതാവിന് മാത്രമാണ് ഗുണം കിട്ടിയത് എന്ന് പറയുമ്പോൾ സിനിമ എന്നത് സാമ്പത്തികം എന്ന് മാത്രമായാണ് അവർ ഉൾക്കൊള്ളുന്നത് എന്ന് വ്യക്തമാണ്.

"ആർക്കും എന്തും പറയാമെന്നൊക്കെയായി. സ്നേഹബന്ധം ഒക്കെ ഇല്ലാതായി"

സ്നേഹം ബന്ധം എന്നത് അവകാശങ്ങൾ നിഷേധിക്കാനും അടിച്ചമർത്താനും പീഡിപ്പിക്കാനുമുള്ള ലൈസൻസ് അല്ല. അങ്ങനെ നിങ്ങളുടെ തോന്ന്യവാസങ്ങൾക്ക് എതിരെ ശബ്‌ദിക്കുമ്പോൾ പോകുന്നത് ആണ് സ്നേഹബന്ധമെങ്കിൽ ഞങ്ങൾ അതങ്ങു പോട്ടെ എന്ന് വയ്ക്കും. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു, സഹിക്കാനാവാതെ സ്ത്രീകൾ ശബ്ദിച്ചു തുടങ്ങുമ്പോൾ മാത്രമേ നിങ്ങൾക്ക് ഈ സ്നേഹ ബന്ധം ഒക്കെ തകരുന്നതായി തോന്നുന്നുള്ളൂ അല്ലെ. ആത്മാഭിമാനബോധത്തോടെ ഉള്ള സ്നേഹ ബന്ധങ്ങൾ നിലവിലുള്ളതുകൊണ്ടാണ് നിങ്ങളുടെ തീട്ടുരങ്ങളെ ഭയപ്പെടാതെ WCC രൂപപ്പെട്ടത്. വൈവിധ്യുള്ള അഭിപ്രായങ്ങളും വാക്പോരുകളും സംഘടനകളും ഒക്കെ ഇനിയും ഉയർന്നു വരണം. ജീർണിച്ച പലതും നിങ്ങൾക്കു മാറ്റാതെ മുന്നോട്ട് പോകാൻ ആകില്ല. നിങ്ങളുടെ ഭയം ആണ് ഇതിലൂടെ എല്ലാം വ്യക്തമാകുന്നത്.

കൂടെയുണ്ടായിരുന്ന മനുഷ്യർക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത നിങ്ങൾ ആ സ്ഥാനത്ത് തുടരാൻ അർഹനല്ല എന്നെങ്കിലും സ്വയം തിരിച്ചറിഞ്ഞ് രാജി വയ്ക്കാൻ തയ്യാറാകണം.

നിങ്ങളുടെ വിശ്വാസത്തിലെ "മരിച്ച മനുഷ്യർ" ഇതുപോലെ കുതിച്ചുവരുമ്പോൾ നിങ്ങളൊക്കെ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്നത് നന്നായി മനസ്സിലാകുന്നുണ്ട്.

Shame on you Mr.Edavela Babu!!

Follow Us:
Download App:
  • android
  • ios