ബഷീറിന്‍റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കള്‍ ആയിരിക്കും

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തില്‍ (Neelavelicham) റിമ കല്ലിങ്കല്‍ (Rima Kallingal) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഒരു പെണ്‍കുട്ടിയുടെ ആത്മാവാണ് ചിത്രത്തില്‍ റിമയുടെ കഥാപാത്രം. ഭാര്‍ഗവി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഭാര്‍ഗവിയുടെ ഒരു നൃത്തരംഗത്തിന്‍റെ ചിത്രമാണ് പോസ്റ്ററില്‍. പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. യുവ കഥാകൃത്തായി അഭിനയിക്കുന്നത് ടൊവിനോ തോമസ് ആണ്.

ബഷീറിന്‍റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കള്‍ ആയിരിക്കും. കഥയെ അധികരിച്ചുള്ളതായിരിക്കുമ്പോള്‍ത്തന്നെ അത് സംവിധായകന്‍റെ വെര്‍ഷനും ആയിരിക്കും. അതേസമയം 'നീലവെളിച്ചം' നേരത്തേ സിനിമയായിട്ടുണ്ട്. 'ഭാര്‍ഗ്ഗവീനിലയം' എന്ന പേരില്‍ എ വിന്‍സെന്‍റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ പുറത്തെത്തിയ ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ഏകാന്തതയുടെ അപാരതീരം' എന്നുതുടങ്ങുന്ന പ്രശസ്തഗാനം ഈ ചിത്രത്തിലേതാണ്. എം എസ് ബാബുരാജിന്‍റേതായിരുന്നു സംഗീതം. ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നു.

തലശ്ശേരിയിൽ ചിത്രീകരണം തുടരുന്ന നീലവെളിച്ച ഡിസംബറിൽ പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു‌. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കലാസംവിധാനം ജ്യോതിഷ് ശങ്കർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്.
മായാനദി, വൈറസ്, നാരദൻ എന്നി ചിത്രങ്ങൾക്കു ശേഷം ടൊവിനോ- ആഷിഖ് ടീം ഒന്നിക്കുന്ന ചിത്രമാണ് നീലവെളിച്ചം. പിആർഒ എ എസ് ദിനേശ്.

ALSO READ : 'മിന്നല്‍ മുരളി'ക്ക് ശേഷം സോഫിയ പോള്‍, 'ആര്‍ഡിഎക്സി'ല്‍ ഷെയ്‍ന്‍ നിഗം