കാണികൾക്ക് വൻ വിസ്മയം സമ്മാനിച്ച കാന്താരയുടെ പ്രീക്വൽ(കാന്താര ചാപ്റ്റർ 1) ഏതാനും നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു.

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിന്റെ തുടർ ഭാ​ഗത്തിനായി പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കും. അത്രത്തോളം ഇംപാക്ട് ആകും സിനിമ സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ഭാഷാഭേതമെന്യേ അങ്ങനെ തന്നെ. അത്തരത്തിൽ മെല്ലെ വന്ന് ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ചൊരു സിനിമയുണ്ട്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ആണ് ആ ചിത്രം. കർണാടകയിൽ മാത്രം ഒതുങ്ങി നിന്ന ചിത്രം മറ്റ് ഭാഷകളിൽ കൂടി എത്തിയതോടെ തിയറ്ററുകളിൽ വൻ ആവേശം. കേരളക്കരയിലും കാന്താരയ്ക്ക് ആരാധകർ ഏറെയാണ്.

കാണികൾക്ക് വൻ വിസ്മയം സമ്മാനിച്ച കാന്താരയുടെ പ്രീക്വൽ(കാന്താര ചാപ്റ്റർ 1) ഏതാനും നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റുകൾ പുറത്തുവരികയാണ്. കാന്താര ചാപ്റ്റർ 1ന്റെ സെറ്റുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്. പടുകൂറ്റൻ സെറ്റാണ് ഒരുങ്ങുന്നതെന്ന് സിനിമയുടെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

200x200 അടി വിസ്തീർണമുള്ള കൂറ്റൻ സെറ്റാണ് ഒരുങ്ങുന്നത്. ഇതിനായി 600 ആശാരിമാരെയാണ് നിയോ​ഗിച്ചിരിക്കുന്നത്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഉള്ളവരാണ് ഇവർ. ഇരുപത് ദിവസത്തെ ആദ്യ ഷെഡ്യൂളിനായിട്ടാണ് ഇത്. ശേഷവും ഇവിടെ തന്നെ ആകും ഷൂട്ടിം​ഗ്. വനത്തിനുള്ളിലെ ഭാ​ഗങ്ങളും കഥയ്ക്ക് ആവശ്യമായ കുന്താപുര എന്ന തീരദേശ പശ്ചാത്തലത്തിലെ ഭാ​ഗങ്ങളും ഈ ഷെഡ്യൂളിൽ ചിത്രീകരിക്കും എന്നാണ് റിപ്പോർട്ട്. സിനിമയ്ക്കായി കഠിന പരിശീലനത്തിലാണ് അഭിനേതാക്കൾ എന്നാണ് വിവരം. 

'രംഗണ്ണ'നെ തൂക്കി 'ആല്‍പറമ്പില്‍ ഗോപി'; വിജയ്, ഹോളിവുഡ് സിനിമകളെയും മലര്‍ത്തിയടിച്ച് മോളിവുഡ്

2023 നവംബറിൽ ആണ് കാന്താര ചാപ്റ്റർ 1ന്റെ ഫസ്റ്റ് ലുക്കും ടീസറും റിലീസ് ചെയ്തത്. ഇതുവരെ കാണാത്തൊരു ലോകവും വിസ്മയ കാഴ്ചകളും കൊണ്ട് നിറ‍ഞ്ഞതാകും സിനിമയെന്ന് ഇതിൽ നിന്നും വ്യക്തമായിരുന്നു. കാന്താര പോലെ ഋഷഭ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലെ നായകനും സംവിധായകനും. കെജിഎഫ്, കെജിഎഫ് 2 പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയ ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോടിയാണെന്നാണ് നേരത്തെ വന്ന വിവരം. 

വലിയ ഹൈപ്പോ ബ​ഹളങ്ങളോ ഇല്ലാതെ 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. ഋഷഭ് ​ഷെട്ടിയുടെ അഭിനയം മലയാളികൾക്കിടയിൽ വരെ ആവേശം തീർത്തു. തിയറ്റർ വിട്ടിറങ്ങിയിട്ടും ക്ലൈമാക്സിന്റെ 20മിനിറ്റ് ഓരോ സിനിമാസ്വാദകന്റെ ഉള്ളിലും നിറഞ്ഞ് നിന്നിരുന്നു. അതേസമയം 407കോടിയാണ് കാന്താരയുടെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ. 16 കോടി ആയിരുന്നു ബജറ്റ്. 

Kantara A Legend Chapter-1 First Look Teaser | RishabShetty|Ajaneesh| VijayKiragandur |Hombale Films