ഇന്ത്യൻ ചലച്ചിത്ര ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച നടൻമാരില്‍ ഒരാളാണ് ഋഷി കപൂര്‍. അര്‍ബുദ ബാധയെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഞെട്ടലോടെയാണ് എല്ലാവരും ഋഷി കപൂറിന്റെ മരണ വാര്‍ത്ത കേട്ടത്. ഋഷി കപൂറിന് അന്ത്യാഞ്ജലിയുമായി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു. അതേസമയം ആരാധകര്‍ കാത്തിരുന്ന ഒരു സിനിമ പൂര്‍ത്തിയാക്കാനാകാതെയാണ് ഋഷി കപൂര്‍ വിടവാങ്ങിയിരിക്കുന്നത്.

പ്രണയനായകനായിട്ടായിരുന്നു ഋഷി കപൂര്‍ വെള്ളിത്തിരയില്‍ സ്വന്തം ഇടം ഉറപ്പിച്ചത്. എന്നാല്‍ 2000ത്തിന് ശേഷമുള്ള വരവില്‍ നായകനായിട്ടല്ല മികച്ച മറ്റ് കഥാപാത്രങ്ങളായിട്ടാണ് ഋഷി കപൂര്‍ എത്തിയത്. ആരാധകര്‍ ആഘോഷമാക്കിയ കഥാപാത്രങ്ങളുമായിരുന്നു അതൊക്കെ. ജീത്തു ജോസഫ് സംവിധാനം ചെയ്‍ത ദ ബോഡിയിലാണ് ഋഷി കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മറ്റൊരു വലിയ സിനിമ അദ്ദേഹത്തിന്റേതായി പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. ഹിറ്റ് ഹോളിവുഡ് ചിത്രമായ ദ ഇന്റേണിന്റെ ഹിന്ദി പതിപ്പായിരുന്നു അത്. 2015ല്‍ എത്തിയ ചിത്രം നാൻസി മെയര്‍ ആയിരുന്നു സംവിധാനം ചെയ്‍തത്. ഹിന്ദി പതിപ്പില്‍ ദീപിക പദുക്കോണും ഋഷി കപൂറുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്താനിരുന്നത്. കോമഡി പാറ്റേണിലുള്ള ചിത്രം 2021ല്‍ റിലീസ് ചെയ്യാനും ആയിരുന്നു ആലോചിച്ചിരുന്നത്.