പ്രിയങ്കരരായ രണ്ട് അഭിനയപ്രതിഭകളുടെ തുടര്‍ ദിവസങ്ങളിലെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് സിനിമാപ്രേമികള്‍. ആദ്യം ഇര്‍ഫാന്‍ ഖാന്‍, പിന്നാലെ ഒരു തലമുറയുടെ തന്നെ ഹരമായിരുന്ന ഋഷി കപൂറും. ഈ നടന്മാര്‍ ജനഹൃദയങ്ങളില്‍ സൃഷ്‍ടിച്ച സ്ഥാനം എന്തായിരുന്നെന്ന് വെളിവാക്കുന്നതായിരുന്നു ഇരുവരെയും സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ച അനുസ്മരണങ്ങള്‍. ഇപ്പോഴിതാ ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഋഷി കപൂറിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഋഷി കപൂറിന്‍റെ ആരാധകനായ ഒരു യുവാവ് ആശുപത്രിക്കിടക്കയിലുള്ള അദ്ദേഹത്തിനരികെ ഇരുന്ന് ചിത്രീകരിച്ചതാണ് വീഡിയോ. ഋഷി കപൂര്‍ അഭിനയിച്ച 'ദീവാന'യിലെ 'തേരേ ദര്‍‌ദ് സെ ദില്‍ ആ' എന്ന ഗാനം ആലപിക്കുകയാണ് യുവാവ്. ആലാപനം ആസ്വദിക്കുന്ന കപൂര്‍ പ്രോത്സാഹനം നല്‍കുന്നുമുണ്ട്. 'അരെ, വാഹ്. വെരി ഗുഡ്' എന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ യുവാവിനെ അനുഗ്രഹിക്കുകയും ജീവിതവിജയത്തില്‍ കഠിനാധ്വാനത്തിനുള്ള പങ്കിനെക്കുറിച്ച് ഉപദേശം നല്‍കുന്നുമുണ്ട് അദ്ദേഹം.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ ഋഷി കപൂറിന്‍റെ അവസാനനിമിഷങ്ങളോ അവസാന ദിവസമോ അല്ല വീഡിയോയില്‍ ഉള്ളത്. മറിച്ച് ഫെബ്രുവരി മാസം അദ്ദേഹം ആശുപത്രിയിലെത്തിയപ്പോള്‍ പകര്‍ത്തിയതാണ്.