പ്രശസ്ത നിരൂപകന്‍ ഭരദ്വാജ് രംഗന്‍റെ മോസ്റ്റ് എക്സ്പെക്റ്റഡ് സിനിമകളുടെ ലിസ്റ്റിനെക്കുറിച്ച് പ്രതികരിച്ച് നടനും സംവിധായകനുമായ ആര്‍ ജെ ബാലാജി
സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു പ്രശസ്ത നിരൂപകന്‍ ഭരദ്വാജ് രംഗന്‍റെ ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് എക്സ്പെക്റ്റഡ് ലിസ്റ്റ്. 2025 റിലീസുകളില്‍ ഭരദ്വാജ് രംഗന്‍ കാത്തിരുന്ന ചിത്രങ്ങളില്‍ മിക്കതും ഹൈപ്പോടെ വന്ന് പരാജയമായി മാറിയ ചിത്രങ്ങള്‍ ആയിരുന്നു. തഗ് ലൈഫ്, ദേവ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്, സിക്കന്ദര്‍, കൂലി, പരാശക്തി എന്നിവയായിരുന്നു അവ. ഇത്തവണ അദ്ദേഹം കാത്തിരുന്ന ചിത്രങ്ങളില്‍ മലയാള ചിത്രം പേട്രിയറ്റ് അടക്കം 10 ചിത്രങ്ങള്‍ ഉണ്ട്. അക്കൂട്ടത്തില്‍ ഇതിനകം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ ധനുഷ് നായകനായ കരയും പേട്രിയറ്റുമാണ്. രണ്ട് ചിത്രങ്ങള്‍ക്കും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചതോടെ അദ്ദേഹത്തിന്‍റെ 2026 ലിസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഈ ലിസ്റ്റിനെക്കുറിച്ച് തമിഴ് നടനും സംവിധായകനുമായ ആര്‍ ജെ ബാലാജിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
സൂര്യ നായകനായി പുറത്തെത്താനിരിക്കുന്ന ചിത്രം കറുപ്പ് സംവിധാനം ചെയ്യുന്നത് ആര്‍ ജെ ബാലാജിയാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം. ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന് തന്നെ നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ജെ ബാലാജി ഈ ലിസ്റ്റിനെക്കുറിച്ച് പറഞ്ഞത്. ബാലാജിയുടെ വാക്കുകള്‍ ഇങ്ങനെ- “കാലാകാലങ്ങളായി ചലച്ചിത്ര പ്രവര്‍ത്തകരെ ബ്രാന്‍ഡ് ചെയ്യുന്ന ഒരു രീതിയുണ്ട്. കഴിഞ്ഞ വര്‍ഷം താങ്കളുടെ ഒരു ലിസ്റ്റ് ഞാന്‍ കണ്ടിരുന്നു. ഏറ്റവും കാത്തിരിക്കുന്ന സിനിമകളുടെ ഒരു ലിസ്റ്റ്. ആ ചിത്രങ്ങളുടെ ഫലങ്ങളെപ്പറ്റിയല്ല ഞാന്‍ പറയുന്നത്. എക്സ്പെറ്റഡ് ലിസ്റ്റില്‍ ആ ചിത്രങ്ങള്‍ എങ്ങനെ വന്നു? അത് ആരുടെയൊക്കെ സിനിമകളാണ്? വെറുതെ ഒരു സിനിമ താങ്കള്‍ തെരഞ്ഞെടുക്കില്ല. തമിഴിലെ ഓ ബട്ടര്‍ഫ്ലൈ എന്ന ചിത്രം ആ ലിസ്റ്റില്‍ വരില്ല. കാരണം അത് മുന്‍പ് തെളിയിച്ചവരില്‍ നിന്ന് വരുന്ന ഒന്നല്ല”, ആര്‍ ജെ ബാലാജിയുടെ വാക്കുകള്‍.
ആ സിനിമയെക്കുറിച്ച് ആര്‍ക്കും അറിയുകപോലുമില്ലായിരുന്നു എന്നാണ് ഇതിന് ഭരദ്വാജ് രംഗന്‍റെ മറുപടി. തുടര്‍ന്ന് ആര്‍ ജെ ബാലാജി ഇപ്രകാരം പറയുന്നു- “നേരത്തെ തെളിയിച്ചവര്‍ എന്നതോ അറിയപ്പെടുന്നവര്‍, വലിയവര്‍ എന്നതൊന്നുമല്ല നിലവിലെ ട്രെന്‍ഡ്. മറിച്ച് പ്രതിഭയും ഊര്‍ജ്ജവും ഉള്ളവരെ പല ഭാഗങ്ങളില്‍ നിന്ന് ഒരുമിച്ച് ചേര്‍ക്കുന്നതാണ്. താരങ്ങള്‍ക്ക് തന്നെ ഇന്ന് അതാണ് ആവശ്യം. അവര്‍ക്ക് ഫ്രഷ് ആയ എനര്‍ജിയും അത്തരത്തിലുള്ള കാഴ്ചപ്പാടുകളും വേണം. ചെറുപ്പക്കാര്‍ സിനിമ എടുക്കുന്നതേ വേറെ രീതിയില്‍ ആയിട്ടുണ്ട്”, ബാലാജി പറയുന്നു.

