‘ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതില്‍ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതല്‍ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട്'

മാതൃദിനത്തില്‍ നടനും അവതാരകനുമായ മാത്തുക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ആശംസകളും കൊണ്ട് സോഷ്യല്‍ മീഡിയ മാതൃദിനം ആഘോഷിക്കുമ്പോള്‍ അമ്മമാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് വിവരിച്ചുള്ള മാത്തുക്കുട്ടിയുടെ കുറിപ്പ് വ്യത്യസ്തമാവുകയാണ്. അടുക്കളയില്‍ കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രത്തിനൊപ്പമാണ് മാത്തുക്കുട്ടിയുടെ കുറിപ്പ്.

‘ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതില്‍ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതല്‍ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട്. വൈകുന്നേരമാവുമ്പോഴേക്കും ഇത് ഇരട്ടിയാവും. അത്താഴമുണ്ട് നമ്മള്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലേക്കും വാട്‌സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്ന്ന് വീഴുമ്പോള്‍ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ?’

‘അവരിവിടെയാണ്!! കാണുമ്പോള്‍ തന്നെ നമുക്ക് സ്‌ക്രോള്‍ ചെയ്ത് കളയാന്‍ തോന്നുന്ന ഈ വിഴുപ്പ് പാത്രങ്ങള്‍ക്ക് മുന്‍പില്‍. ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നു. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചില്‍ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്.’ മാത്തുക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.