കോൺഗ്രസ് നേതാക്കളുടെ പോരിനെതിരെ ബിജെപി സ്ഥാനാർഥിയായിരുന്ന റോബിൻ രാധാകൃഷ്ണൻ 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരാവും യുഡിഎഫ് മുഖ്യമന്ത്രി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. എന്നാല്‍ ആ പേര് തീരുമാനിക്കാന്‍ കോണ്‍​ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇന്നലെ തിരുവനന്തപുരത്തെത്തി ഈ വിഷയത്തില്‍ എംഎല്‍എമാരുടെ ഹിതപരിശോധന നടത്തിയിരുന്നു. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന കോണ്‍​ഗ്രസ് നേതാക്കളുടെ പോരില്‍ വിമര്‍ശനവും പരിഹാസവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ കോണ്‍​ഗ്രസ് നേതാക്കളെ വിമര്‍ഷിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബി​ഗ് ബോസ് മുന്‍ താരവും നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റോബിന്‍റെ പ്രതികരണം.

“ഞാന്‍ ഒരു കുണ്ടറക്കാരന്‍ അല്ലാഞ്ഞിട്ട് കൂടി ഏകദേശം 19,000 അടുപ്പിച്ച് വോട്ട് എനിക്ക് ലഭിച്ചു. എനിക്ക് വേണ്ടി വോട്ട് ചെയ്ത, കുണ്ടറയിലെ എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും എന്‍റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. കോണ്‍​ഗ്രസ് എന്തായാലും ജയിച്ചു. കോണ്‍​ഗ്രസ് ആണ് കേരളം ഭരിക്കുന്നത്. പക്ഷേ മുഖ്യമന്ത്രി ആവാന്‍ വേണ്ടിയുള്ള അവരുടെ അടി ഞാന്‍ ചാനലുകളില്‍ കണ്ടു. അതില്‍ത്തന്നെ തര്‍ക്കം. സ്വന്തം നേതാക്കളുടെ ഫ്ളെക്സ് അവരുടെ തന്നെ പ്രവര്‍ത്തകര്‍ വലിച്ച് കീറുന്നതായിട്ടും കണ്ടു. സത്യം പറഞ്ഞാല്‍ പുച്ഛം തോന്നി. കഷ്ടം തോന്നി. പരമ കഷ്ടം. എന്തായാലും നമ്മള്‍ ബിജെപിക്കാരുടെ ഇടയില്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ല. നമ്മളെല്ലാം ഒറ്റക്കെട്ടായി മാത്രം മുന്നോട്ട് പോകുന്ന ആളുകളാണ്. അഭിമാനത്തോടെ എനിക്ക് പറയാം ഞാനൊരു ബിജെപിക്കാരനാണ് എന്ന്. അല്ലാതെ സ്വന്തം പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുട ഫ്ലെക്സ് വലിച്ചുകീറുന്നതുപോലെ തരംതാഴ്ന്ന ഒരു പാര്‍ട്ടിയില്‍ അല്ല ഞാനെന്ന് സന്തോഷപൂര്‍വ്വം പറയാം. ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കില്‍ വേറൊന്നും കൊണ്ടല്ല, പരമമായ സത്യം മാത്രമാണ് ഞാന്‍ വിളിച്ചുപറയുന്നത്. മോശമായിട്ടുള്ള ഒരു കാര്യം. മോശം , മോശം”, റോബിന്‍ രാധാകൃഷ്ണന്‍റെ വാക്കുകള്‍.

അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺ​ഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News