144 സ്ക്രീനുകളിലായിരുന്നു റിലീസ്. എന്നാല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചതോടെ ഓരോ വാരത്തിലും നിലവിലെ തിയറ്ററുകള്‍ കൂടാതെ കൂടുതല്‍ സ്ക്രീനുകളിലേക്ക് ചിത്രം ആഡ് ചെയ്യപ്പെട്ടു തുടങ്ങി

സിനിമാ വ്യവസായത്തെ സംബന്ധിച്ച് റിലീസിന് മുന്‍പ് വലിയ പ്രതീക്ഷ ഉയര്‍ത്താതെ എത്തുന്ന ചിത്രങ്ങള്‍ വിസ്‍മയ വിജയങ്ങള്‍ ആവാറുണ്ട്. മലയാളത്തില്‍ എക്കാലത്തും അത്തരം ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും നവാഗതരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ സര്‍പ്രൈസ് ഹിറ്റുകളായി ബോക്സ് ഓഫീസില്‍ അമ്പരപ്പ് സൃഷ്ടിക്കാറ്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രി ആയിരിക്കുകയാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്‍റെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രത്തില്‍ സൌബിന്‍ ഷാഹിറിനും അര്‍ജുന്‍ അശോകനും ചെമ്പന്‍ വിനോദിനുമൊക്കെയൊപ്പം ഒരുനിര പുതുമുഖങ്ങളുമാണ് കഥാപാത്രങ്ങളായി അണിനിരന്നത്. റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി മാത്രം ലഭിച്ച ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ മാത്രമാണ് ഉള്ളത്.

പല തവണ റിലീസ് നീട്ടിവെച്ചതിനു ശേഷം ഫെബ്രുവരി 3 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ 144 സ്ക്രീനുകളിലായിരുന്നു റിലീസ്. എന്നാല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചതോടെ ഓരോ വാരത്തിലും നിലവിലെ തിയറ്ററുകള്‍ കൂടാതെ കൂടുതല്‍ സ്ക്രീനുകളിലേക്ക് ചിത്രം ആഡ് ചെയ്യപ്പെട്ടു തുടങ്ങി. നിലവില്‍ നാലാം വാരത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കേരളത്തില്‍ ചിത്രം 197 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വാരം മലയാളത്തില്‍ നിന്ന് 9 പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടും അത് രോമാഞ്ചത്തിനെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

Scroll to load tweet…

ആദ്യ 10 ദിവസത്തില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം 14 കോടിയിലേറെ നേടിയതായായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ചിത്രം 30 കോടി നേടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17 കോടിയും. ഇതെല്ലാം ചേര്‍ത്ത് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 50 കോടി ക്ലബ്ബില്‍ എത്തിയെന്നാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ എല്ലാവരും അറിയിക്കുന്നത്. ഇപ്പോഴും വാരാന്ത്യ ദിനങ്ങളില്‍ ഹൌസ്ഫുള്‍ ഷോകള്‍ ലഭിക്കുന്ന ചിത്രം പ്രദര്‍ശനം അവസാനിപ്പിക്കുന്നതിനു മുന്‍പ് ബോക്സ് ഓഫീസില്‍ ഇനിയും ഏറെ മുന്നോട്ടുപോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

Scroll to load tweet…

നേടുന്ന കളക്ഷന്‍റെ വലിപ്പത്തില്‍ മാത്രമല്ല, മുടക്കുമുടലുമായി താരതമ്യം ചെയ്യുന്ന സമയത്തും റെക്കോര്‍ഡ് വിജയമാണ് രോമാഞ്ചം. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2 കോടിക്ക് താഴെ മാത്രമാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്. അത് പരിഗണിക്കുമ്പോള്‍ ചിത്രം നേടിക്കൊടുക്കുന്ന ഷെയറിന്‍റെ മാര്‍ജിനില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി രോമാഞ്ചം അടയാളപ്പെടുത്തപ്പെടും.

ALSO READ : 'ഇത് മോഷണം, അംഗീകരിക്കാനാവില്ല'; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ആരോപണവുമായി തമിഴ് സംവിധായിക