എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ് ആണ് രോമാഞ്ചത്തിന്‍റെ വിഎഫ്എക്സും നിര്‍വ്വഹിച്ചിരിക്കുന്നത്
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് രോമാഞ്ചം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം വന്‍ മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളില്‍ തന്നെ നേടിയത്. ഇപ്പോഴും വാരാന്ത്യ ദിനങ്ങളില്‍ മികച്ച ഒക്കുപ്പന്‍സിയോടെ തിയറ്ററുകളില്‍ തുടരുന്ന ചിത്രം ഫെബ്രുവരി അവസാനമെത്തിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിഎഫ്എക്സ് ബ്രേക്ക് ഡൌണ്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ വിഎഫ്എക്സ് കമ്പനിയായ എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ് ആണ് രോമാഞ്ചത്തിന്‍റെ വിഎഫ്എക്സും നിര്‍വ്വഹിച്ചിരിക്കുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഓജോ ബോര്‍ഡ് ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന ബാച്ചിലര്‍ സുഹൃത്തുക്കള്‍ ആണുള്ളത്. ഭയത്താല്‍ കൈയിലെ രോമം എഴുന്നേറ്റുനില്‍ക്കുന്ന രംഗങ്ങളൊക്കെ അതിമനോഹരമായാണ് വിഎഫ്എക്സില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. കൂടാതെ കഥയില്‍ എപ്പോഴും കടന്നുവരുന്ന ഒരു എലിയും വിഎഫ്എക്സ് സൃഷ്ടിയാണ്.
2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാന്‍, ദീപക് നാരായണ്‍ ഹുസ്ബെ, അമൃത നായര്‍, മിമിക്രി ഗോപി, മിത്തു വിജില്‍, ഇഷിത ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വിതരണം.

