Asianet News MalayalamAsianet News Malayalam

അന്ന് ടൂത്ത് ബ്രഷ് കച്ചവടം; ഇന്നത്തെ ആസ്‍തി 12,800 കോടി! ബോളിവുഡിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിര്‍മ്മാതാവ്

വരുമാനത്തിന്‍റെ നല്ലൊരു പങ്കും വരുന്നത് സിനിമയില്‍ നിന്നാണെങ്കിലും മറ്റ് പല ബിസിനസ് മേഖലകളിലും സജീവമാണ് അദ്ദേഹം

ronnie screwvala is the richest film producer in bollywood utv motion pictures rsvp movies nsn
Author
First Published Nov 9, 2023, 10:58 AM IST

ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ വ്യവസായമാണ് അന്നും ഇന്നും ബോളിവുഡ്. ബാഹുബലി അനന്തര കാലത്ത് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ വിപണിയില്‍ വലിയ സാന്നിധ്യമായി ഉയര്‍ന്നുവന്നപ്പോള്‍ ബോളിവുഡിന്‍റെ ഒന്നാം സ്ഥാനം തെലുങ്ക് സിനിമ കൈയടക്കുമെന്ന് ചര്‍ച്ച വന്നിരുന്നു. കൊവിഡിനു ശേഷം ബോളിവുഡ് പഴയ മട്ടിലുള്ള വിജയങ്ങള്‍ കണ്ടെത്താനാവാതെ നിന്നപ്പോള്‍ തെന്നിന്ത്യയില്‍ നിന്ന് നിരവധി ഹിറ്റുകളും സംഭവിച്ചിരുന്നു. എന്നാല്‍ ഷാരൂഖ് ഖാന്‍റെ രണ്ട് 1000 കോടി ചിത്രങ്ങളിലൂടെ ബോളിവുഡ് അതിന്‍റെ അപ്രമാദിത്വം തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ വിപണി നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബോളിവുഡിലെ ഏറ്റവും ധനികനായ നിര്‍മ്മാതാവ് ആരാണ്? കൌതുകകരമായ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ചുവടെ.

യുടിവി മോഷന്‍ പിക്ചേഴ്സിന്‍റെ മുന്‍ മേധാവിയും ആര്‍എസ്‍വിപി ഫിലിംസിന്‍റെ ഉടമയുമായ റോണി സ്ക്രൂവാലയാണ് ഹിന്ദി സിനിമയില്‍ നിലവിലെ ഏറ്റവും സമ്പന്നമായ നിര്‍മ്മാതാവ്. ഫോര്‍ബ്സ് പുറത്തുവിട്ട ലിസ്റ്റ് പ്രകാരം 1.5 ബില്യണ്‍ ഡോളറില്‍ ഏറെയാണ് അദ്ദേഹത്തിന്‍റെ ആസ്തി. അതായത് 12,800 കോടി രൂപ! ബോളിവുഡിലെ പേരുകേട്ട നിര്‍മ്മാതാക്കളായ ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, ഭൂഷണ്‍ കുമാര്‍, ഏക്ത കപൂര്‍, സാജിദ് നദിയാവാല എന്നിവരൊക്കെ ആസ്തിയില്‍ റോണി സ്ക്രൂവാലയേക്കാള്‍ താഴെയാണ്. 

 

അതേസമയം വരുമാനത്തിന്‍റെ നല്ലൊരു പങ്കും വരുന്നത് സിനിമയില്‍ നിന്നാണെങ്കിലും മറ്റ് പല ബിസിനസ് മേഖലകളിലും സജീവമാണ് റോണി സ്ക്രൂവാല. എജ്യൂക്കേഷന്‍ കമ്പനിയായ അപ്ഗ്രാഡ്, സ്പോര്‍ട്സ് കമ്പനിയായ യു സ്പോര്‍ട്സ്, യൂണിലേസര്‍ വെഞ്ച്വേഴ്സ് എന്നിവയിലെല്ലാം അദ്ദേഹത്തിന് നിക്ഷേപമുണ്ട്. സ്വന്തം നിലയില്‍ കെട്ടിപ്പടുത്തതാണ് റോണി സ്ക്രൂവാല തന്‍റെ ബിസിനസ് സാമ്രാജ്യം. എഴുപതുകളില്‍ ടൂത്ത് ബ്രഷ് നിര്‍മ്മാണത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ തുടക്കം. 1981 ല്‍ കേബിള്‍ ടിവി ബിസിനസിലൂടെയാണ് വിനോദ വിപണിയിലേക്ക് റോണി സ്ക്രൂവാല കടക്കുന്നത്. 1990 ല്‍ 37,000 രൂപ നിക്ഷേപവുമായാണ് അദ്ദേഹം യുടിവി ആരംഭിക്കുന്നത്. ടെലിവിഷന്‍ ഷോകളും പിന്നീട് സിനിമകളും ഈ കമ്പനിയുടെ ബാനറുകളില്‍ എത്തി. സ്വദേശ്, ജോധാ അക്ബര്‍, ഫാഷന്‍, ബര്‍ഫി, ചെന്നൈ എക്സ്പ്രസ് അടക്കം നിരവധി ചിത്രങ്ങള്‍ ഈ ബാനറില്‍ എത്തി. 2012 ല്‍ യുടിവിയിലെ തന്‍റെ ഓഹരി ഡിസ്നിക്ക് അദ്ദേഹം വിറ്റു. ഒരു ബില്യണ്‍ ഡോളറിലേറെയാണ് ഇതിലൂടെ ലഭിച്ചത്. 2014 ലാണ് ആര്‍എസ്‍വിപി മൂവീസ് എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനി റോണി സ്ക്രൂവാല ആരംഭിച്ചത്. ഉറിയും കേദാര്‍നാഥും അടക്കമുള്ള ചിത്രങ്ങള്‍ ഈ കമ്പനിയാണ് നിര്‍മ്മിച്ചത്. 

ALSO READ : ആ റെക്കോര്‍ഡ് ലിയോ മറികടന്നെങ്കിലെന്ത്? വീണ്ടും പവര്‍ കാട്ടി കിം​ഗ് ഖാന്‍, തിയറ്റര്‍ വിട്ടിട്ടും ജവാന് നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios