12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതല്‍
പ്രോജക്റ്റുകളുടെ തെരഞ്ഞെടുപ്പില്‍ സമീപകാലത്ത് മലയാള സിനിമയില്‍ മറ്റേത് താരത്തെക്കാളും ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ഇതുവരെയുള്ള റിലീസുകള്‍ ഭീഷ്‍മപര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫര്‍ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുള്ളത്. മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രവും ഒരു യുവ സംവിധായകന്‍റേതാണ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ സംവിധാനം ചെയ്‍ത കാതല്‍ ആണ് ആ ചിത്രം. ജ്യോതികയാണ് ഈ സിനിമയിലെ നായിക. കാതലിന്‍റെ സെറ്റില്‍ മമ്മൂട്ടിക്ക് ഇന്ന് ചില അതിഥികള്‍ ഉണ്ടായിരുന്നു.
മറ്റാരുമല്ല സംവിധായകന്‍ നിസാം ബഷീര്‍ അടക്കമുള്ള റോഷാക്കിന്‍റെ അണിയറക്കാരായിരുന്നു അത്. കോട്ടയം നസീര്‍, ജോര്‍ജ് തുടങ്ങിയവരൊക്കെ നിസാം ബഷീറിനൊപ്പം ഉണ്ടായിരുന്നു. അതേസമയം ചിത്രം മൂന്നാം വാരവും മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ തുടരുകയാണ്. കേരളത്തില്‍ 87 സ്ക്രീനുകളിലും ജിസിസിയില്‍ 58 സ്ക്രീനുകളിലും ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ റോഷാക്ക് സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ലൂക്ക് ആന്‍റണി എന്ന ഏറെ നിഗൂഢതകളുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സമീര്‍ അബ്ദുളിന്‍റേതായിരുന്നു രചന. മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ത്തന്നെ ലഭിച്ചത്.
അതേസമയം 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതല്‍. ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്ററിനൊപ്പം ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാതലിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം. വരുന്ന ഐഎഫ്എഫ്കെയിലാണ് ഇതിന്‍റെ പ്രീമിയര്‍. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
