കൊച്ചി: സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയുമായി നിർമ്മാതാവ് ആൽവിൻ ആന്റണി. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടിൽ കയറി മർദിച്ചെന്നാണ് പരാതി. എന്നാൽ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമാണ് റോഷൻ ആൻഡ്രൂസിന്റെ പ്രതികരണം.

റോഷൻ ആൻഡ്രൂസിന്‍റെ സംവിധാന സഹായി ആയിരുന്നു തന്‍റെ മകൻ ആൽവിൻ ജോൺ ആന്റണിയെന്നാണ് ആൽവിൻ ആന്‍റണിയുടെ പറയുന്നത്. സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്രൂസിന് ഇഷ്ടപ്പെട്ടില്ല.

ഇതേ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആൽവിൻ ആന്‍റണി പറഞ്ഞു. കഴിഞ്ഞദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടിൽ കയറി വന്ന റോഷൻ ആൻ‍ഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ചു.

തന്‍റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മർദിക്കുകയായിരുന്നുവെന്ന് ആല്‍വിന്‍ ആന്‍റണി പറഞ്ഞു. ആക്രമത്തിനിരയായ ഡോ ബിനോയ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, തന്റെ സഹ സംവിധായകനായിരുന്ന ആൽവിൻ ജോൺ ആന്റണിയെ ലഹരി ഉപയോഗത്തെ തുടർന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്.

വിഷയം സംസാരിച്ചു പരിഹരിക്കാൻ പോയ തന്നെയും സുഹൃത്തിനെയും ആൽവിൻ ആന്റണി ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റോഷൻ ആൻഡ്രൂസും സംഘവും വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളടക്കം ആൽവിൻ ആന്‍റണി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരുകൂട്ടരുടെയും പരാതികളിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മരവിപ്പിക്കാനുളള സമ്മർദ്ദങ്ങൾ വിവിധ കോണുകളിൽ തുടങ്ങിയിട്ടുണ്ട്.