മലയാള സിനിമയിലെ യുവനിര താരങ്ങളായ റോഷ്‍ന ആന്‍ റോയ്‍യും കിച്ചു ടെല്ലസും വിവാഹിതരായി. ആലുവ സെന്‍റ് ആന്‍സ് പള്ളിയില്‍ ഇന്നലെ ആയിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

സെപ്റ്റംബര്‍ അവസാനമാണ് തങ്ങളുടെ വിവാഹക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും അറിയിച്ചത്. "കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണ് ഇത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുന്നു. യഥാര്‍ഥ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചതിന് കിച്ചുവിന് നന്ദി. സ്വര്‍ഗ്ഗത്തിന് ഞങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്", വിവാഹക്കാര്യം അറിയിച്ചുകൊണ്ട് റോഷ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. കഴിഞ്ഞ മാസം മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയം.

ഒമര്‍ ലുലു ചിത്രമായ 'ഒരു അഡാറ് ലവി'ലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് റോഷ്‍ന ആന്‍ റോയ്. 'സ്നേഹ മിസ്' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം 'അങ്കമാലി ഡയറീസ്' എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള കിച്ചു ടെല്ലസിന്‍റെ വരവ്. 'പോര്‍ക്ക് വര്‍ക്കി' എന്ന ആദ്യകഥാപാത്രം ശ്രദ്ധ നേടിയതിനു പിന്നാലെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ലിജോയുടെ തന്നെ 'ജല്ലിക്കട്ട്' തുടങ്ങിയ ചിത്രങ്ങളിലും കിച്ചു അഭിനയിച്ചിട്ടുണ്ട്. വര്‍ണ്ണ്യത്തില്‍ ആശങ്ക, സുല്ല് തുടങ്ങിയ ചിത്രങ്ങളില്‍ റോഷ്‍നയും കിച്ചുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.