തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ മിന്നുംജയത്തില്‍ ആശംസകളുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നുവെന്ന് പിണറായി വിജയനെ ഉദ്ദേശിച്ച് റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചും. മുന്‍പും തന്‍റെ ഇടത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുള്ള ആളാണ് റോഷന്‍ ആന്‍ഡ്രൂസ്.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ കുറിപ്പ്

അഭിനന്ദനങ്ങള്‍

അറിയാമായിരുന്നു, പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്

അറിയാമായിരുന്നു, അധ്വാനിക്കുന്നവന്‍റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്

അറിയാമായിരുന്നു, മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പംനിന്ന് പകര്‍ന്ന ധൈര്യമെന്ന്

അറിയാമായിരുന്നു, സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്

അറിയാമായിരുന്നു, ഈ ചെങ്കോട്ടയുടെ കരുത്ത്, ഈ കൊടിയടയാളത്തിലെ സത്യം

ഈ ചുവപ്പന്‍ വിജയം!

നേരത്തെ കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ അഭിനന്ദിച്ചും റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തിയിരുന്നു. "നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേക്ക് നടന്നുകയറുന്നത് കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്ന് തിരിച്ചറിയുന്നു", റോഷന്‍ ആന്‍ഡ്രൂസ് ഒരിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നായകന്‍. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ്.