ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ജനുവരിയില്‍ തുടങ്ങും. കഴിഞ്ഞ ചിത്രം 'പ്രതി പൂവന്‍കോഴി'യുടെ റിലീസിനു പിന്നാലെ റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചിരുന്ന പ്രോജക്ട് ആണിത്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ബോബി-സഞ്ജയ് ആണ്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ഇതെന്നാണ് റോഷന്‍ നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം ചിത്രത്തിനുവേണ്ടി പുതുമുഖ അഭിനേതാക്കളെ തേടുന്ന വിവരം ദുല്‍ഖര്‍ അറിയിച്ചിട്ടുണ്ട്. 15നും 70നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത്, ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഡിസംബര്‍ ആദ്യം ഒരു അഭിനയക്യാമ്പ് സംഘടിപ്പിക്കും. പ്രതിഭാധനരായ നവാഗതരെ സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് വേഫെയററിന്‍റെ ഒരു ലക്ഷ്യമെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഒരു യമണ്ടന്‍ പ്രേമകഥ'യാണ് മലയാളത്തില്‍ ദുല്‍ഖര്‍ നായകനായെത്തിയ അവസാന ചിത്രം. വേഫെയററിന്‍റെ തന്നെ പ്രൊഡക്ഷനായിരുന്ന 'വരനെ ആവശ്യമുണ്ട്' എന്ന അനൂപ് സത്യന്‍ ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സ്വന്തം നിര്‍മ്മാണത്തിലെത്തിയ 'മണിയറയിലെ അശോകനി'ല്‍ അതിഥിവേഷത്തിലും അദ്ദേഹം എത്തി. അതേസമയം തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍' ആണ് തീയേറ്ററുകളിലെത്തിയ അവസാന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. മലയാളത്തില്‍ 'കുറുപ്പ്', തമിഴില്‍ 'വാന്‍', 'ഹെയ് സിനാമിക' എന്നിവയും ദുല്‍ഖറിന്‍റേതായി പുറത്തുവരാനുള്ള സിനിമകളാണ്.