Asianet News MalayalamAsianet News Malayalam

RRR Movie : തിയറ്ററിലെ ലോംഗ് റണ്‍ ലക്ഷ്യമാക്കി രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'; ഒടിടി റിലീസ് മൂന്ന് മാസത്തിനു ശേഷം

2022 ജനുവരി 7നാണ് ചിത്രത്തിന്‍റെ റിലീസ്

rrr ott release only after 90 days of theatre release ss rajamouli
Author
Thiruvananthapuram, First Published Dec 9, 2021, 8:25 PM IST

'ബാഹുബലി' (Baahubali) ഫ്രാഞ്ചൈസിയിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ സംവിധായകനാണ് എസ് എസ് രാജമൗലി (SS Rajamouli). ബാഹുബലി 2നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഹൈപ്പുമായി വരുന്ന ചിത്രമാണ് ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആര്‍ആര്‍ആര്‍ (RRR). കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം വൈകിയ ചിത്രമാണിത്. ആയതിനാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഒക്ടോബര്‍ 13 എന്ന റിലീസ് തീയതി നീട്ടിയിരുന്നു. 2022 ജനുവരി 7നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തുക. റിലീസ് വൈകിയെങ്കിലും നിര്‍ണ്ണായകമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. തിയറ്ററുകളില്‍ ലോംഗ് റണ്‍ ലക്ഷ്യമാക്കിയാണ് ആര്‍ആര്‍ആറിന്‍റെ വരവ്.

കൊവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ഇന്ത്യയില്‍ വന്‍ വളര്‍ച്ച കൈവരിച്ചത്. ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്കു പുറമെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ നിശ്ചിത കാലയളവിനു ശേഷം ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ റിലീസ് ചെയ്യുന്ന രീതി സാധാരണമായതും ഈ കാലയളവിലാണ്. നിര്‍മ്മാതാക്കളെ സംബന്ധിച്ച് സാറ്റലൈറ്റ് വരുമാനത്തിനു പുറമെയുള്ള അധികവരുമാനമായും ഇത് മാറി. സാധാരണ രീതിയില്‍ പല ഭാഷകളിലെയും സൂപ്പര്‍താര ചിത്രങ്ങളടക്കം തിയറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടതിനു ശേഷമാണ് ഒടിടി റിലീസ് ചെയ്യാറ്. എന്നാല്‍ ഇക്കാര്യത്തില്‍ വേറിട്ട നിലപാട് കൈക്കൊണ്ടിരിക്കുകയാണ് ആര്‍ആര്‍ആര്‍ നിര്‍മ്മാതാക്കള്‍. തിയറ്റര്‍ റിലീസ് കഴിഞ്ഞഅ 75-90 ദിവസങ്ങള്‍ക്കു ശേഷമേ ചിത്രം ഒടിടിയില്‍ എത്തൂവെന്ന് നിര്‍മ്മാതാവ് ജയന്തിലാല്‍ ഗഡ പറഞ്ഞു. ട്രെയ്‍ലര്‍ ലോഞ്ച് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജമൗലി എന്ന സംവിധായകനിലുള്ള നിര്‍മ്മാതാവിന്‍റെ അളവറ്റ വിശ്വാസമാണ് ഈ തീരുമാനത്തിലൂടെ വെളിവാകുന്നത്. സീ5, നെറ്റ്ഫ്ളിക്സ് പ്ലാറ്റ്‍ഫോമുകളിലൂടെയാവും ചിത്രത്തിന്‍റെ ഒടിടി റിലീസ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ5ലും ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലുമാവും റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും.

Follow Us:
Download App:
  • android
  • ios