ബാഹുബലി സിരീസിന്‍റെ വന്‍ വിജയത്തിന് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രം ആര്‍ആര്‍ആറിന്‍റെ ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും നാളെ പുറത്തെത്തും. തെലുഗു പുതുവര്‍ഷ ദിനമാണ് (ഉഗാദി) നാളെ. രാജ്യം കൊവിഡ് ഭിതിയില്‍ മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ആളുകളുടെ മനോവീര്യം ഉയര്‍ത്താന്‍ തങ്ങളാലാവുന്ന എളിയ ശ്രമമായാണ് നാളെ ടൈറ്റില്‍ ലോഗോ പുറത്തിറക്കാനുള്ള തീരുമാനത്തെ തങ്ങള്‍ നോക്കിക്കാണുന്നതെന്ന് രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചു.

'ഇത് മുഴുവന്‍ ലോകത്തിനും ഒരു പരീക്ഷണ ഘട്ടമാണ്. ആളുകളുടെ മനോവീര്യം ഉയര്‍ത്തുന്നതിന് ഞങ്ങളാലാവുന്ന എളിയ ശ്രമം നടത്തണം ഞങ്ങള്‍ക്ക്. ആര്‍ആര്‍ആറിന്‍റെ ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും നാളെ പുറത്തുവിടുകയാണ്. ഞങ്ങളുടെ ടീമിലെ എല്ലാ അംഗങ്ങളും ഇപ്പോള്‍ വീടുകളിലിരുന്നാണ് ജോലിയെടുക്കുന്നത് എന്നതിനാല്‍ ലോഞ്ചിംഗിന്‍റെ കൃത്യ സമയം ഇപ്പോള്‍ പറയാനാവില്ല. ആരാധകരോടും പ്രേക്ഷകരോടും സ്വന്തം വീടുകളിലിരുന്ന് ഇവ കണ്ടാസ്വദിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. രാജ്യം ലോക് ഡൌണില്‍ ആയതിനാല്‍ ഒരുമിച്ച് കൂടേണ്ട കാര്യമില്ല. വീട്ടിലിരിക്കുക, സുരക്ഷിതരായി ഇരിക്കുക, ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുക, ത്രില്ലില്‍ ആവുക. പ്രിന്‍റുകളോ ഫ്ളെക്സുകളോ വേണ്ട. ഒരു അപേക്ഷയാണ്', രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചു.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അലിയ ഭട്ട്, അജയ് ദേവ്‍ഗണ്‍, സമുദ്രക്കനി തുടങ്ങിയവര്‍ക്കൊപ്പം റേ സ്റ്റീവെന്‍സണ്‍, ഒലിവിയ മോറിസ്, അലിസണ്‍ ഡൂഡി എന്നീ വിദേശ താരങ്ങളും കഥാപാത്രങ്ങളാവുന്നുണ്ട് ചിത്രത്തില്‍. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കീരവാണിയുടെ സംഗീതം. ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാര്‍. അടുത്ത വര്‍ഷം ജനുവരി എട്ടിനാണ് റിലീസ്.