Asianet News MalayalamAsianet News Malayalam

'ആര്‍ആര്‍ആറി'ന് ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാര്‍ഡ്‍സിലും അംഗീകാരം, ലഭിച്ചത് മൂന്ന് പുരസ്‍കാരങ്ങള്‍

എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആറി'ന് വീണ്ടും അന്താരാഷ്‍ട്ര അംഗീകാരം.

RRR wins Best International Film At Hollywood Critics Association Awards hrk
Author
First Published Feb 25, 2023, 5:01 PM IST

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം 'ആര്‍ആര്‍ആര്‍' വൻ ഹിറ്റായിരുന്നു. വിദേശത്തടക്കം എസ് എസ് രാജമൗലി ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള സംവിധാന പ്രതിഭകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ 'ആര്‍ആര്‍ആര്‍' മറ്റൊരു അംഗീകാരവും സ്വന്തമാക്കിയതിനെ കുറിച്ചാണ് ഏറ്റവും പുതിയ വാര്‍ത്ത.

പ്രശസ്‍തമായ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാര്‍ഡ്‍സില്‍ 'ആര്‍ആര്‍ആര്‍' അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്‍ട്ര ചിത്രം, ഗാനം എന്നതിനു പുറമേ മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് 'ആര്‍ആര്‍ആറി'ന്റെ നേട്ടം. അവാര്‍ഡ് ലഭിച്ചതിലെ സന്തോഷം വാക്കുകള്‍കൊണ്ട് വിവരിക്കാനാകുന്നില്ലെന്ന് എസ് എസ് രാജമൗലി പ്രതികരിച്ചു. എന്തായാലും രാജ്യത്തിനാകെ അഭിമാനമായിരിക്കുകയാണ് രാജമൗലി ചിത്രത്തിന്റെ നേട്ടം.

ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Read More: പുതിയ തുടക്കമെന്ന് പൃഥ്വിരാജ്, സസ്‍പെൻസ് എന്തെന്ന് അന്വേഷിച്ച് ആരാധകരും

Latest Videos
Follow Us:
Download App:
  • android
  • ios