Asianet News MalayalamAsianet News Malayalam

നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ, രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു  

രഞ്ജിത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നതാണ് പ്രധാന ആവശ്യം

ryf protest seeking resignation of Ranjith from  Kerala State Chalachitra Academy chairman post
Author
First Published Aug 23, 2024, 11:03 PM IST | Last Updated Aug 23, 2024, 11:05 PM IST

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആർ.വൈ.എഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.  രഞ്ജിത്തിന്റെ കോലം കത്തിച്ചു.

നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിയമനടപടി വേണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം. രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ആരോപണ വിധേയർ പിണറായി സർക്കാറിന്‍റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. മന്ത്രിയും എം എൽ എയും ചലച്ചിത്രക്കാദമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയതെന്നും റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലുടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

നടിയുടെ ആരോപണത്തിൽ രഞ്ജിത്തിനെതിരെ അന്വേഷണം വേണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം: സുധാകരൻ
രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്ന് സംവിധായകൻ ആഷിക് അബു പ്രതികരിച്ചു. ബംഗാളിൽ നിന്നും വന്നൊരു സ്ത്രീ കേരളത്തിൽ ഭയചികിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തിയത്. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു.  

ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഇപ്രകാരം

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതിൽ വളരെ സന്തോഷമുണ്ടായിരുന്നു- ശ്രീലേഖ പറയുന്നു. വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ  കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 


 

Latest Videos
Follow Us:
Download App:
  • android
  • ios