ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം കുറച്ചുനാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന് ശ്വാസകോശം മാറ്റിവയ്‍ക്കല്‍ ശസ്‍ത്രക്രിയ നടത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്ന് എംജിഎം ഹെല്‍ത്ത്ക‍െയര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നായിരുന്നു എസ് പി ബാലസുബ്രഹ്‍മണ്യത്തെ എംജിഎം ഹെല്‍ത്ത്‍കെയറില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഒരു ഘട്ടത്തില്‍ വഷളാവുകയും ചെയ്‍തിരുന്നു. എന്നാല്‍ അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയെന്നും സുഖം പ്രാപിച്ചുവരികയാണ് എന്നും എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ മകൻ തന്നെ രണ്ടുദിവസം മുമ്പ് അറിയിച്ചതോടെ ആശങ്ക അകന്നിരുന്നു. അതിന് പിന്നാലെയാണ് എസ് പി ബാലസുബ്രഹ്‍മണ്യത്തിന് ശ്വാസകോശം മാറ്റിവയ്‍ക്കല്‍ നടത്തേണ്ടി വരുമെന്നും അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് എന്നും വാര്‍ത്തകള്‍ വന്നത്. എസ് പി ബാലസുബ്രഹ്‍മണ്യത്തിന് ശ്വാസകോശം മാറ്റിവയ്‍ക്കല്‍ ശസ്‍ത്രക്രിയ നടത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ് എന്ന് എംജിഎം ഹെല്‍ത്ത്‍കെയര്‍ അധികൃതര്‍ അറിയിച്ചു.