എസ്‍പിബിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന, മെഡിക്കല്‍ ബുള്ളറ്റിന്‍ അദ്ദേഹം ചികിത്സയിലുള്ള ആശുപത്രി ആദ്യം പുറത്തുവിട്ടത് ഒരു മാസത്തിന് മുന്‍പായിരുന്നു. എസ് പി ബാലസുബ്രഹ്മണ്യം എന്ന ഗായകന്‍ ഇന്ത്യയിലെ ഒരു സംഗീതാസ്വാദകനെ സംബന്ധിച്ച് ആരാണ് എന്നതിന്‍റെ തെളിവായിരുന്നു കഴിഞ്ഞ ഒരു മാസമായി സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് പ്രാര്‍ഥനകള്‍ നേര്‍ന്നുകൊണ്ടുള്ള നിലയ്ക്കാത്ത പോസ്റ്റുകള്‍. അതില്‍ സിനിമയിലെ സഹപ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്, മറിച്ച് സാധാരണക്കാരില്‍ സാധാരണക്കാരായവരും ഉണ്ടായിരുന്നു. എസ് പി ബി അവരുടെ കാതിന് മാത്രമല്ല, ജീവിതത്തിനുതന്നെ ഇമ്പം പകര്‍ന്ന സ്വരമാധുരി ആയിരുന്നു. ഒരു ഗായകന് സാധ്യമോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കലാജീവിതം. പാട്ടിന്‍റെ വഴിയില്‍ റെക്കോര്‍ഡുകളുടെ തോഴന്‍ കൂടിയായിരുന്നു എസ് പി ബി.

ഇന്ത്യയിലെന്നല്ല, ലോകസംഗീതത്തില്‍ തന്നെ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം റെക്കോര്‍ഡ് ചെയ്‍ത പാട്ടുകളുടെ അത്രയും മറ്റൊരു ഗായകനോ ഗായികയോ റെക്കോര്‍ഡ് ചെയ്‍തിട്ടുണ്ടാവില്ല. 16 ഇന്ത്യന്‍ ഭാഷകളിലായി 40,000ല്‍ അധികം ഗാനങ്ങളാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ പാടിയത്! പിന്നണി പാടിയ ആദ്യചിത്രം, 1966ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ മുതലുള്ള കണക്കാണിത്. ഗിന്നസ് ലോകറെക്കോര്‍ഡ് ആണ് ഈ കണക്ക്. മറ്റൊരു കൗതുകമുണര്‍ത്തുന്ന റെക്കോര്‍ഡും ഈ ഗായകന്‍റെ പേരിലുണ്ട്. ഒറ്റ ദിവസം ഏറ്റവുമധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്‍തതിനുള്ള റെക്കോര്‍ഡ് ആണിത്. കന്നഡ സംഗീത സംവിധായകന്‍ ഉപേന്ദ്ര കുമാറിനുവേണ്ടി 24 മണിക്കൂറിനുള്ളില്‍ 21 ഗാനങ്ങളാണ് അദ്ദേഹം പാടി റെക്കോര്‍ഡ് ചെയ്‍തത്. 1981ല്‍ ആയിരുന്നു ഇത്. തമിഴില്‍ ഒരു ദിവസത്തിനുള്ളില്‍ 19 ഗാനങ്ങളും ഹിന്ദിയില്‍ 16 ഗാനങ്ങളും എസ് പി ബി റെക്കോര്‍ഡ് ചെയ്‍തിട്ടുണ്ട്.

നമ്മുടെ കാലത്ത് ഏറ്റവുമധികം പുരസ്കാരങ്ങള്‍ നേടിയ കലാകാരന്‍ കൂടിയാണ് അദ്ദേഹം. മികച്ച പിന്നണിഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറ് തവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. നാല് ഭാഷകളിലെ പാട്ടുകള്‍ക്കാണ് ഇത്. നന്ദി അവാര്‍ഡ് (തെലുങ്ക് ചലച്ചിത്ര പുരസ്കാരം) 25 തവണയും തമിഴ്നാട് ചലച്ചിത്ര പുരസ്‍കാരം നാല് തവണയും കര്‍ണാടക ചലച്ചിത്ര പുരസ്കാരം മൂന്ന് തവണയും എസ്‍പിബിക്ക് ലഭിച്ചു. 2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.