Asianet News MalayalamAsianet News Malayalam

'തിരക്കഥയില്‍ തൃപ്‍തി പോര'; 'ലൂസിഫര്‍' തെലുങ്ക് റീമേക്കില്‍ നിന്ന് 'സാഹൊ' സംവിധായകനെ മാറ്റുന്നു?

താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം സെയ്‍റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ലൂസിഫര്‍ റീമേക്ക് റൈറ്റ് വാങ്ങിയതിനെക്കുറിച്ച് ചിരഞ്ജീവി പറയുന്നത്. ലൂസിഫറിന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ചിത്രം അത്രയും ഇഷ്ടമായതിനാല്‍ റീമേക്ക് റൈറ്റ് വാങ്ങുകയായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

saaho director sujeet to be out from lucifer telugu remake
Author
Thiruvananthapuram, First Published Jul 18, 2020, 12:20 PM IST

മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായ 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് അതിന്‍റെ പ്രഖ്യാപനം മുതല്‍ തുടര്‍ച്ചയായി വാര്‍ത്തകളിലുണ്ട്. ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നവരെപ്പറ്റിയും സംവിധായകനെപ്പറ്റിയുമൊക്കെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനിടെ എത്തിയിരുന്നു, അതൊന്നും ഔദ്യോഗികമല്ലെങ്കില്‍ പോലും. രംഗസ്ഥലം, ആര്യ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു തുടക്കത്തില്‍ കേട്ടിരുന്നത്. പിന്നീട് സാഹൊ സംവിധായകന്‍ സുജീതിന്‍റെ പേരാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഡയറക്ടറുടെ സ്ഥാനത്ത് പറഞ്ഞുകേട്ടിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തെയും ചിരഞ്ജീവി പ്രോജക്ടില്‍ നിന്ന് നീക്കുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു.

മുരളി ഗോപി ഒരുക്കിയ ഒറിജിനല്‍ തിരക്കഥ തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് ആവശ്യമായ ഭേദഗതികളോടെയായിരിക്കും തെലുങ്കില്‍ എത്തുക. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ ചിരഞ്ജീവി ഒട്ടും തൃപ്‍തനല്ലെന്നും ആയതിനാല്‍ പ്രോജക്ടില്‍ നിന്നും അദ്ദേഹത്തെ മാറ്റിയേക്കുമെന്നും എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു, സുജീതിന്‍റെ സ്ഥാനത്തേക്ക് മറ്റൊരു സംവിധായകന്‍ വരുമെന്നും. ബണ്ണിയും ബദ്രിനാഥുമൊക്കെ ഒരുക്കിയ വി വി വിനായകിന്‍റെ പേരാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് സംവിധായകനായി പുതുതായി കേള്‍ക്കുന്നത്. കഴിഞ്ഞ മൂന്നു മാസങ്ങളായി സുജീത് ലൂസിഫര്‍ തെലുങ്ക് റീമേക്കിനു വേണ്ട തിരക്കഥയുടെ പണിപ്പുരയിലായിരുന്നെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം സെയ്‍റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ലൂസിഫര്‍ റീമേക്ക് റൈറ്റ് വാങ്ങിയതിനെക്കുറിച്ച് ചിരഞ്ജീവി പറയുന്നത്. ലൂസിഫറിന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ചിത്രം അത്രയും ഇഷ്ടമായതിനാല്‍ റീമേക്ക് റൈറ്റ് വാങ്ങുകയായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യകാഴ്‍ചയില്‍ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫറെന്നും അതിലെ നായക കഥാപാത്രം ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വന്തം ശൈലിക്ക് യോജിക്കുന്ന ഒന്നാണെന്നും ചിരഞ്ജീവി പറഞ്ഞു. സുഹാസിനിയുടെയും റഹ്മാന്‍റെയും ഉള്‍പ്പെടെ പേരുകള്‍ ലൂസിഫര്‍ തെലുങ്ക് റീമേക്കുമായി ചേര്‍ത്ത് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കാസ്റ്റ് ആന്‍ഡ് ക്രൂ സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios