Asianet News MalayalamAsianet News Malayalam

പ്രഭാസിന്റെ 'സാഹോ'യുടെ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകൻ പവൻ കല്യാണ്‍

'ബാഹുബലി' എന്ന വൻ വിജയ ചിത്രത്തിന് ശേഷം പ്രഭാസ് അഭിനയിച്ചതായിരുന്നു 'സാഹോ'.
 

Saaho director Sujeeth will be teaming up with Pawan Kalyan
Author
First Published Sep 6, 2022, 12:52 PM IST

'ബാഹുബലി' എന്ന ബ്രഹ്‍മാണ്ഡ ഹിറ്റിനു ശേഷം പ്രഭാസ് അഭിനയിച്ച ചിത്രമായിരുന്നു 'സാഹോ'. 'സാഹോ' എന്ന ചിത്രത്തിലൂടെയാണ് സുജീത് എന്ന സംവിധായകനെയും രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. 'സാഹോ' വൻ വിജയമായില്ലെങ്കിലും സംവിധായകൻ സുജീതിന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. സുജീതിന്റെ പുതിയ ചിത്രത്തില്‍ പവൻ കല്യാണ്‍ ആയിരിക്കും നായകൻ എന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായിട്ടായിരിക്കും പവൻ കല്യാണുമായി സുജീത് ഒന്നിക്കുന്നത്. ഡിവിവി എന്രര്‍ടെയ്‍ൻമെന്റും ത്രിവിക്രം ശ്രീനിവാസന്റെ ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നായിരിക്കും നിര്‍മാണം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പവൻ കല്യാണ്‍ നായകനാകുന്ന പുതിയ സിനിമ 'ഹരി ഹര വീര മല്ലു' ആണ്.

കൃഷ്‍ ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ് ജഗര്‍ലമുഡിയുടേതാണ് തിരക്കഥയും. പവൻ കല്യാണിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് 'ഹരി ഹര വീര മല്ലു'വിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധ നേടിയിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും 'ഹരി ഹര വീര മല്ലു' എന്ന് സൂചന നല്‍കുന്നതായിരുന്നു ദൃശ്യങ്ങള്‍. നിധി അഗര്‍വാളാണ് ചിത്രത്തിലെ നായിക. ജ്ഞാന ശേഖര്‍ വി എസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു. എ ദയകര്‍ റാവു, എ എം രത്‍നം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

'ഭീംല നായക്' എന്ന ചിത്രമാണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

Follow Us:
Download App:
  • android
  • ios