നവംബർ 7ന് റിലീസ് ചെയ്യുന്ന 'ഏക് ദിൻ' എന്ന ചിത്രത്തിൽ ജുനൈദ് ഖാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം സുനിൽ പാണ്ഡെയാണ് സംവിധാനം ചെയ്യുന്നത്. 

മുംബൈ: ബോളിവുഡില്‍ നിന്നുള്ള പുതിയ പ്രണയ ചിത്രം 'ഏക് ദിൻ' നവംബർ 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജുനൈദ് ഖാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ഈ റൊമാന്റിക് ഡ്രാമ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. 17 വർഷത്തിന് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന 'ഏക് ദിൻ' ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രവും സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റവുമാണ്. 'മഹാരാജ്', 'ലവ്‌യാപ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുനൈദ് ഈ ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'പ്രേമം' അടക്കം ചിത്രങ്ങളിലൂടെ തെക്കേ ഇന്ത്യയിൽ താരമായ സായ് പല്ലവി, ഈ ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ്. ഇതിനൊപ്പം തന്നെ എപ്പിക്ക് ചിത്രം രാമായണത്തില്‍ സീതയായും സായി പല്ലവിഅഭിനയിക്കുന്നുണ്ട്.

2008ൽ പുറത്തിറങ്ങിയ 'ജാനേ തു... യാ ജാനേ നാ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആമിർ ഖാനും മൻസൂർ ഖാനും ഒന്നിക്കുന്ന ഈ ചിത്രം, ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകൾ ഉണർത്തിയിട്ടുണ്ട്. ജപ്പാനിലെ സപ്പോറോയിലെ ചിത്രീകരിച്ച ഈ ചിത്രം, 2011ലെ കൊറിയൻ ചിത്രമായ 'വൺ ഡേ'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അഭ്യൂഹങ്ങളുണ്ട് എങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 'ഏക് ദിൻ'ന്റെ ടീസർ ജൂൺ 20ന് റിലീസ് ചെയ്ത ആമിർ ഖാന്റെ 'സിതാരേ സമീൻ പർ' എന്ന ചിത്രത്തോടൊപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.