മലയാളത്തില്‍ അടുത്തിടെ ഏറ്റവും ശ്രദ്ധേയമായ  ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. അയ്യപ്പനും കോശിയും തെലുങ്കില്‍ സായ് പല്ലവി നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

പവൻ കല്യാണ്‍ ആണ് ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പൻ നായരായി എത്തുക. പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിതിനും അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ട്. സായ് പല്ലവി നായികയായി എത്തിയേക്കും എന്നാണ് പുതിയ വാര്‍ത്ത. ഏത് കഥാപാത്രമാണ് സായ് പല്ലവി ചെയ്യുകയെന്ന് വ്യക്തമല്ല. അന്തരിച്ച സച്ചിയുടെ അവസാനചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം മറ്റ് ഭാഷകളിലേക്ക് എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

രവി തേജയെ നേരത്തെ തെലുങ്ക് സിനിമയിലെ നായകനാക്കാൻ സമീപിച്ചെങ്കിലും അത് നടന്നിരുന്നില്ല.

എന്തായാലും മലയാളികളുടെ പ്രിയതാരമായ സായ് പല്ലവിയും അയ്യപ്പനും കോശിയുടെയും തെലുങ്കില്‍ ഉണ്ടാകും എന്നത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.