മുംബൈ: രാജ്യത്തെ പരമോന്നത പുരസ്ക്കാരമായ പത്മശ്രീ തിരിച്ച് നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തനിക്ക് പത്മശ്രീ ഏറ്റുവാങ്ങാന്‍ അര്‍ഹതയില്ലെന്നും പിതാവിന്റെ നിർദ്ദേശപ്രകാരമാണ് ഏറ്റുവാങ്ങിയതെന്നും സെയ്‍ഫ് പറഞ്ഞു. താൻ പത്മശ്രീ പണം കൊടുത്ത് വാങ്ങിയതാണെന്ന ട്രോളുകളോട് പ്രതികരിക്കുകയായിരുന്നു താരം. നടൻ അര്‍ബാസ് ഖാൻ അവതരിപ്പിക്കുന്ന ചാറ്റ്‌ഷോയായ പിഞ്ചിലായിരുന്നു സെയ്ഫിന്റെ തുറന്ന് പറച്ചിൽ.  

സെയ്ഫ് പത്മശ്രീ പണം കൊടുത്തു വാങ്ങിയതാണ്. പിന്നെ മകനെ തൈമുര്‍ എന്ന് പേരിട്ടു. റെസ്‌റ്റോറന്റില്‍വച്ച് ആളുകളെ മര്‍ദിച്ചു. ഇത്തരത്തിലുള്ളൊരാൾക്ക് എങ്ങനെയാണ് സേക്രഡ് ഗെയിംസില്‍ ഒരു വേഷം ലഭിച്ചത്. അയാള്‍ക്ക് അഭിനയിക്കാൻ പോലും അറിയില്ല, എന്ന കമന്റിനാണ് താരം മറുപടി നൽകിയത്. 

ഞാൻ കള്ളനല്ല. പത്മശ്രീ പണം കൊടുത്ത് വാങ്ങുക എന്നത് നിസാരമല്ല. കേന്ദ്ര സർക്കാരിന് കൈക്കൂലി കൊടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. വേണമെങ്കില്‍ ഇക്കാര്യം മുതിര്‍ന്ന താരങ്ങളോട് ചോദിച്ച് ഉറപ്പുവരുത്താം. ഈ പുരസ്ക്കാരം വാങ്ങിക്കണമെന്ന് പോലും ചിന്തിച്ചിരുന്നില്ല. ഇതിന് എന്നെക്കാൾ അർഹരായുള്ള നിരവധി മുതിർന്ന താരങ്ങൾ ഇൻഡസ്ട്രിയിൽ ഉണ്ട്. എന്നാൽ അവർക്കിത് വരെ പുരസ്ക്കാരം ലഭിച്ചിട്ടില്ല. അത് വളരെയധികം അതിശയിപ്പിക്കുന്നതാണ്. അതേസമയം തന്നെക്കാളും യോഗ്യത കുറഞ്ഞ പലരും അത് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു സെയ്ഫിന്റെ മറുപടി. 

എനിക്കിത് തിരിച്ച് നൽ‌കണമായിരുന്നു. എന്നാൽ പിതാവ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ നിർദ്ദേശപ്രകാരമാണ് താനിത് തിരിച്ച് നൽകാതിരുന്നതെന്നും സെയ്ഫ് പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ ഒരു പുരസ്‌കാരം നിരസിക്കാന്‍ നമുക്കാവില്ല എന്നാണ് പിതാവ് എന്നെ ഉപദേശിച്ചത്. അങ്ങനെയാണ് ഞാന്‍ മനസ്സ് മാറ്റിയതും അത് സ്വീകരിച്ചതും. തിരിച്ചുകൊടുക്കണമെന്ന ചിന്ത ഉപേക്ഷിച്ചതും. ഇന്ന് ഞാന്‍ അഭിനയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അഭിനയത്തിന് ഞാന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ആളുകള്‍ പറയുന്ന ഒരു കാലം വരുമെന്ന് തന്നെയാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേർത്തു.

2005-ല്‍ ഹംതുമ്മിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സെയ്ഫിനെ 2010-ലാണ് രാഷ്ട്രം ഏറ്റവും വലിയ നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചത്. അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടിലിൽ നിന്നാണ് സെയ്ഫ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഹിന്ദി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം.