സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി.
സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. മുഴുനീള ഫൺ മൂവി എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് സാഗര്‍ ആണ്. അരുൺ ഗോപി എക്സൈറ്റ്മെന്‍റിന്‍റെ ബാനറിൽ അരുൺ ഗോപിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അരുൺ ഗോപി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ആദ്യ ചിത്രമായ മെൽ കൗ പോണ്ടിച്ചേരി നിർമ്മാണത്തിൻ്റെ അവസാന ഘട്ടത്തിലാണ്. കൊച്ചി, ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ ഖാലിദ് നാലകത്തും ചിത്രത്തിലെ അഭിനേതാക്കളും ആണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. പ്രശസ്‌ത നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു തുടക്കമായി.
ചലച്ചിത്ര പ്രവർത്തകർ, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ നിറസാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്. പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ് ഒരു കേസ് ഏറ്റെടുക്കുന്നതും അതിൻ്റെ ഇൻവെസ്റ്റിഗേഷനും മുഴുനീള കോമഡി ത്രില്ലറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. സൈജു കുറുപ്പിന്‍റെ തികച്ചും വൈവിധ്യമാർന്ന കഥാപാത്രമാണ് ഇതിലെ പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ്. സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, മധുപാൽ, പ്രശസ്‌ത സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ഷാജു ശ്രീധർ, അഖിൽ (പാൻ ഇന്ത്യൻ), ഷമീർ ഖാൻ, റിയ ജിത്തു, വിൻസി അലോഷ്യസ്, ആൽഫി പഞ്ഞിക്കാരൻ, ഉത്തര ഉണ്ണി, ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം സനൽ ദേവ്, ഛായാഗ്രഹണം സനീഷ് സ്‌റ്റാൻലി, എഡിറ്റിംഗ് രതീഷ് രാജ്, കലാസംവിധാനം ജീമോൻ, മേക്കപ്പ് സ്വെതിൻ, കോസ്റ്റ്യൂം ഡിസൈൻ ആരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ ലാൽ, സ്റ്റിൽസ് രാംദാസ് മാത്തൂർ, പ്രൊഡക്ഷൻ മാനേജർ വിവേക്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്‌ഷൻ കൺട്രോളർ ഷഹാബ് വെണ്ണല. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും പരിസരങ്ങളിലുമായി പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

