'ഭരതനാട്യം', 'മോഹിനിയാട്ടം' എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ഭരതനാട്യം 3: രാസലീല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഹൊറർ കോമഡി ആയിരിക്കുമെന്നാണ് സൂചന.
സമീപകാലത്തായി കോമഡിക്ക് പ്രാധാന്യമുള്ള സിനിമകൾക്ക് പ്രേക്ഷകര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നല്‍കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാല്‍ കോമഡി ഉള്ളതുകൊണ്ട് മാത്രം ഒരു ചിത്രവും വിജയിക്കുന്നില്ല. അവതരണത്തില്‍ എന്തെങ്കിലും പുതുമയും മികച്ച പാക്കേജിങ്ങും ഒക്കെ അതിന് പ്രധാനമാണ്. അത്തരത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകാനായി എത്തിയ ചിത്രം ഒടിടി റിലീസായതിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്. പിന്നാലെ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം ആയ മോഹിനിയാട്ടവും എത്തി. ഈ സിനിമയും വൻ വിജയം നേടുകയും ചെയ്തു.
ഇപ്പോഴിതാ മൂന്നാം വരവിന് ഒരുങ്ങിയിരിക്കുകയാണ് ഭരതനാട്യം ഫ്രാഞ്ചൈസി. ഇന്ന് ഫ്രാഞ്ചൈസിയുടെ സക്സസ് മീറ്റ് നടന്നിരുന്നു. ഇവിടെ വച്ചാണ് മൂന്നാം ഭാഗം അനൗൺസ് ചെയ്തത്. ഭരതനാട്യം 3: രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. സായ് കുമാറും കലാരഞ്ജിനിയും ചേർന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. ഒരു ഹൊറർ കോമഡി ജോണറിലുള്ളതാകും സിനിമയെന്നാണ് വിവരം.
മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ആവേശത്തിലാണ് സിനിമാസ്വാദകര്‍. കണ്ടൻ്റ് കൊണ്ടും കൊമേഴ്സ്യൽ സെല്ലിംഗ് പോയിൻ്റ് കൊണ്ടും ഇതിൻ്റെ പൊട്ടൻഷ്യൽ പോസിറ്റീവ് സൈഡിൽ ആണെന്നത് ഉറപ്പാണെന്നും വലിയൊരു ഹിറ്റായി പടം മാറുമെന്നുമാണ് സിനിമാ പ്രേമികള്‍ പറയുന്നത്. കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്‍റേയും രചയിതാവും സംവിധായകനും. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരായിരുന്നു മോഹിനിയാട്ടത്തിലെ താരങ്ങള്‍ ഇവര്‍ തന്നെയാകും മൂന്നാം ഭാഗത്തിലുണ്ടാകുകയെന്നും ഒപ്പം പുതിയ കാസ്റ്റുകള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.



