നവാഗത സംവിധായകന്‍റെ സൈജു കുറുപ്പ് ചിത്രം വരുന്നു; നിര്‍മ്മാണം തോമസ് തിരുവല്ല
നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ഒരു യുവാവിനെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്
തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. സൈജു കുറുപ്പ് ആണ് ചിത്രത്തിലെ നായകന്‍. ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് തോമസ് തിരുവല്ല ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് സാം സംവിധാനം ചെയ്ത ഓട്ടം, ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവൂ, ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും, മേ ഹൂം മൂസ, സിൻ്റോ സണ്ണി സംവിധാനം ചെയ്ത പാപ്പച്ചൻ ഒളിവിലാണ് എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു.
ഷോർട്ട് ഫിലിമുകളിലൂടെയും വെബ് സീരിസുകളിലൂടെയും ശ്രദ്ധേയനാണ് കൃഷ്ണദാസ് മുരളി. ഒരിടത്തരം ഗ്രാമത്തിലെ തറവാടിന്‍റെ പശ്ചാത്തലത്തിലാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം കഥ പറയുന്നത്. നമ്മുടെ കുടുംബങ്ങളിലു, സമൂഹത്തിലുമെല്ലാം നിത്യേന സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കഥ അവതരിപ്പിക്കുന്നത്.
നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ഒരു യുവാവിനെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രസകരമായ ഒരു കഥാപാത്രമാണിത്. സായ് കുമാര്‍, അഭിറാം രാധാകൃഷ്ണൻ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം), ശ്രുതി സുരേഷ് (പാൽതു ജാന്‍വര്‍ ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു. ബബിലു അജു ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി ബി, കലാസംവിധാനം ബാബു പിള്ള, നിർമ്മാണ നിർവ്വഹണം ജിതേഷ് അഞ്ചുമന. മാർച്ച് പത്തിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മാള, അന്നമനട, ഭാഗങ്ങളിലായി പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.
ALSO READ : ഇതാണ് 'ബെഞ്ചമിന്‍ ജോഷ്വ'; 'ബസൂക്ക'യിലെ ഗൗതം വസുദേവ് മേനോനെ പരിചയപ്പെടുത്തി മമ്മൂട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം