Asianet News MalayalamAsianet News Malayalam

'മാതാപിതാക്കള്‍ എന്റെ കൂടെയാണ്, നിങ്ങള്‍ ഭയപ്പെടേണ്ട'; വീട്ടിലേക്ക് ക്ഷണിച്ച അനുരാഗ് കശ്യപ് സയാമിയോട് പറഞ്ഞത്

'' അദ്ദേഹം ബോളിവുഡിന്റെ 'ബാഡ് ബോയ്' ആയിട്ടായിരിക്കും അറിയപ്പെടുന്നത്. പുറംലോകത്തിന്റെ ധാരണകള്‍ വച്ച് മയക്കുമരുന്നും സ്ത്രീകളുമായി ജീവിക്കുന്ന ആളായിരിക്കും അദ്ദേഹം. എന്നാല്‍...''
 

Saiyami kher supports anurag kashyap on me too allegation
Author
Mumbai, First Published Sep 22, 2020, 11:16 AM IST

മുംബൈ: നടി പായല്‍ ഘോഷിന്റെ ലൈംഗികാരോപണത്തില്‍ അനുരാഗ് കശ്യപിനെ പിന്തുണച്ച് കൂടുതല്‍ താരങ്ങള്‍. അനുരാഗ് കശ്യപിന്റെ മുന്‍ഭാര്യ കല്‍ക്കിക്കും തപ്‌സി പന്നുവിനും പിന്നാലെ താരത്തെ പിന്തുണച്ച് സയാമി ഖേര്‍. തന്റെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് സയാമി അനുരാഗ് കശ്യപിന് പിന്തുണ അറിയിച്ചത്. 

'' ആദ്യമായി അനുരാഗ് കശ്യപിനെ കണ്ടപ്പോള്‍ അദ്ദേഹമെന്നെ വീട്ടിലേക്ക് വിളിച്ചു. ഞാന്‍ എന്തെങ്കിലും പറയുംമുമ്പ് അദ്ദേഹം പറഞ്ഞു, '' എന്റെ മാതാപിതാക്കള്‍ എന്റെ കൂടെയാണ് താമസം. നിങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല'' - സയാമി ഖേര്‍ കശ്യപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചു. 

അദ്ദേഹം ബോളിവുഡിന്റെ 'ബാഡ് ബോയ്' ആയിട്ടായിരിക്കും അറിയപ്പെടുന്നത്. പുറംലോകത്തിന്റെ ധാരണകള്‍ വച്ച് മയക്കുമരുന്നും സ്ത്രീകളുമായി ജീവിക്കുന്ന ആളായിരിക്കും അദ്ദേഹം. എന്നാല്‍ ഞാന്‍ പിന്നീട് സത്യം മനസ്സിലാക്കി, പുറത്ത് ആളുകള്‍ എന്തുകരുതുന്നോ അതിന് നേര്‍ വിപരീദമാണ് അദ്ദേഹം...'' സയാമി തുടര്‍ച്ചയായ മറ്റൊരു ട്വീറ്റില്‍ കുറിച്ചു. 

അതേസമയം പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ അനുരാഗ് കശ്യപിനെ പിന്തുണച്ച് നടി തപ്‌സി പന്നുവും രംഗത്തെത്തിയിരുന്നു. തനിക്കറിയാവുന്നതിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തപ്‌സി കുറിച്ചത്. സാന്ദ് കി ആങ്ക്, മന്‍മര്‍സിയാന്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

അതേസമയം പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കശ്യപിന്റെ പ്രതികരണം.

'കൊള്ളാം, എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തില്‍, നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങള്‍ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു', അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

'എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയില്‍ നിങ്ങള്‍ എന്റെ കലാകാരന്മാരെയും ബച്ചന്‍ കുടുംബത്തെയും വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര ശരിയും തെറ്റുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ'', കശ്യപ് മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് പീഡനാരോപണവുമായി രംഗത്തെത്തിയത്. എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവര്‍ത്തിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷിന്റെ ആരോപണം.

കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിക്കുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് നടത്തിയ ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios