തിരുവനന്തപുരം: കായംകുളം കൊച്ചുണ്ണി മികച്ച ചിത്രമാണോ അല്ലയോ എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം എന്നാല്‍ മോഹന്‍ലാലിന്‍റെ മെയ്‍വഴക്കത്തെക്കുറിച്ച് സിനിമ കണ്ടവര്‍ക്ക് ഒരേ അഭിപ്രായം - ഇത് കലക്കി. മോഹന്‍ലാലിന് മാത്രമേ ഇത്ര അനായാസം സംഘട്ടനങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ആരാധകരുടെ വാദം. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് കൊറിയോഗ്രാഫര്‍ സജ്ന നജാം. സിനിമയില്‍ മോഹന്‍ലാല്‍ കാല്‍ മുകളിലേക്ക് കയറ്റി വച്ചു നില്‍ക്കുന്ന രംഗം അതേ രീതിയില്‍ അനുകരിച്ച് വെല്ലുവിളികള്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് ചിറയിന്‍കീഴ് സ്വദേശിനിയായ സജ്ന. 

ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് സജ്ന താരമായത്. മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിച്ച രംഗം ജിമ്മില്‍ അനുകരിക്കുകയാണ് ഈ നൃത്ത സംവിധായിക. നമുക്ക് ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്ത് കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം- സജ്ന ഫേസ്ബുക്കില്‍ കുറിച്ചു. 

കൊറിയോഗ്രാഫറായ എനിക്ക് ഈ രംഗം ചെയ്യാന്‍ വലിയ പ്രയാസമില്ല. ആദ്യത്തെ ശ്രമത്തില്‍ തന്നെ വിജയിച്ചു. സ്ഥിരമായി ജിമ്മില്‍ വര്‍ക്കൗട്ട് നടത്തിയിരുന്നു. കുറച്ചുനാളുകളായി വര്‍ക്കൗട്ട് മുടങ്ങിയപ്പോള്‍ പ്രചോദനമെന്ന രീതിയിലാണ് കായംകുളം കൊച്ചുണ്ണിയിലെ രംഗം പരീക്ഷിച്ചത്. നൃത്തം ചെയ്യുന്ന ഏതൊരാള്‍ക്കും ഈ രംഗം ചെയ്യാന്‍ ഏളുപ്പമാണ് - സജ്ന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

നെഗറ്റീവ് കമന്‍റുകളാകും കൂടുതല്‍ ലഭിക്കുക എന്ന് കരുതിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ അത്തരത്തിലുള്ള കമന്‍റുകളോട് മറുപടി പറയാനില്ലെന്നും ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും സജ്ന പറഞ്ഞു. ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നതാണ് സജ്നയുടെ കുടുംബം. 

20 വർഷം മുൻപ് കൊറിയോഗ്രഫിയിലേക്ക് എത്തിയ സജ്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് ചുവടുവെച്ചത്. അതേ സിനിമയ്ക്ക് മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള അവാര്‍ഡും നേടിയിരുന്നു. വൈറല്‍ ഫോട്ടോയിലെ അസാമാന്യ മെയ്‍വഴക്കത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് സജ്ന.