ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

ബാഹുബലി എന്ന ഫ്രാഞ്ചൈസി കൊണ്ട് പാന്‍ ഇന്ത്യന്‍ അപ്പീല്‍ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാളും പ്രഭാസ് തന്നെ. ബാഹുബലി എന്ന റെക്കോര്‍ഡ് വിജയം സൃഷ്ടിച്ച ചിത്രത്തിലെ നായകന്‍ ആയതിനാല്‍ത്തന്നെ പ്രഭാസിന്‍റെ ഓരോ പുതിയ പ്രോജക്റ്റുകളുടെയും ബജറ്റ് കണ്ണ് തള്ളിക്കുന്നതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രേക്ഷകസ്വീകാര്യത നേടുന്നതില്‍ അവയൊക്കെ പരാജയപ്പെടുകയും ചെയ്തു. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആദിപുരുഷ്. 500 കോടി ബജറ്റില്‍ എത്തിയ ചിത്രം മികച്ച ഇനിഷ്യല്‍ നേടിയെങ്കിലും പ്രേക്ഷക സ്വീകാര്യതയില്‍ വീണു. എന്നാല്‍ അടുത്ത ചിത്രത്തില്‍ പ്രഭാസ് ഇതിനൊക്കെ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതിന് കാരണമുണ്ട്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ ആണ് അദ്ദേഹത്തിന്‍റെ അടുത്ത റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ ടീസര്‍ എത്തുന്ന തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 6 ന് വൈകിട്ട് 5.12 ന് ടീസര്‍ പ്രേക്ഷകരിലേക്ക് എത്തും. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് കരുതപ്പെട്ടിരുന്ന ചിത്രം അതിലും വലിയ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.

Scroll to load tweet…

ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ : 'ലഭിച്ചത് 80 ശതമാനം വോട്ടുകള്‍'; നന്ദി പറഞ്ഞ് ആദ്യ ഫേസ്ബുക്ക് ലൈവില്‍ അഖില്‍ മാരാര്‍

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

പ്രതീക്ഷകൾ തെറ്റിയില്ല; അഞ്ചാം സീസണിൽ ആഞ്ഞടിച്ചത് 'മാരാർ തരംഗം' തന്നെ | Akhil Marar