ഭാവന നായികയാവുന്ന പുതിയ കന്നഡ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ സലാം ബാപ്പു. ശ്രീകൃഷ്‍ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ഡാര്‍ലിംഗ് കൃഷ്‍ണയാണ് നായകന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം മൈസൂരുവില്‍ ആരംഭിച്ചു.

സന്ദേശ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എന്‍ സന്ദേശ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗശേഖര്‍ ആണ്. സത്യ ഹെഗ്‍ഡെയാണ് ഛായാഗ്രഹണം. 2010 മുതല്‍ കന്നഡ സിനിമകളില്‍ അഭിനയിച്ചുവരുന്ന ഭാവന അവിടുത്തെ മുന്‍നിര നായികയാണ്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ 99ലെ (തമിഴ് ചിത്രം 96ന്‍റെ കന്നഡ റീമേക്ക്) നായികാ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേസമയം മലയാളത്തില്‍ റെഡ് വൈന്‍, മംഗ്ലീഷ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ സലാം ബാപ്പുവിന്‍റെ ആദ്യ തിരക്കഥയാണ് ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോമിന്‍റേത്. ഷെയ്‍ന്‍ നിഗം നായകനാവുന്ന മലയാളചിത്രമാണ് സലാമിന്‍റെ പുതിയ സംവിധാന സംരംഭം. ഈ വര്‍ഷം ദുബൈയില്‍ ഇതിന്‍റെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.