നിത്യജീവിതത്തില്‍ നാം എപ്പോഴും എടുത്ത് പെരുമാറുന്ന നിരവധി ഡയലോഗുകള്‍ സലിം കുമാര്‍ കഥാപാത്രങ്ങളുടേതാണ്
സിനിമയില്‍ അഭിനേതാക്കള്‍ ഉണ്ടാക്കിയ ഇംപാക്റ്റ് പ്രേക്ഷകര്‍ ഓര്‍ത്തുവെക്കുന്ന അവരുടെ കഥാപാത്രങ്ങള്‍ മാത്രമല്ല, മറിച്ച് ആ കഥാപാത്രങ്ങള്‍ കടന്നുപോയ സന്ദര്‍ഭങ്ങളും അവരുടെ സംഭാഷണങ്ങളുമാണ്. എത്രത്തോളം അവയൊക്കെ നമ്മള്‍ വീണ്ടും വീണ്ടും ഓര്‍ത്തു എന്നതാണ് ആ കലാകാരന്മാരുടെ വിജയവും. ഏത് വഴിക്ക് നോക്കിയാലും അഭിനയകലയില്‍ ഡിസ്റ്റിംഗ്ഷനോടെ പാസ്സായ മികവേറിയ വിദ്യാര്‍ഥി ആയിരുന്നു സലിം കുമാര്‍. തന്‍റെ തലമുറയിലെ മറ്റ് കോമഡി താരങ്ങളില്‍ അദ്ദേഹത്തിന്‍റെയത്ര ഹിറ്റ് ഡയലോഗുകള്‍ മറ്റാരും പറഞ്ഞിട്ടില്ല. ട്രോളുകളിലും മീമുകളിലും ഇപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നത് ആ കലാകാരനോടുള്ള പുതുതലമുറയുടെയും പ്രീതി വ്യക്തമാക്കുന്നുണ്ട്. സലിം കുമാര്‍ എന്ന പേര് കേട്ടാല്‍ വേഗത്തില്‍ ഓര്‍മ്മ വരുന്ന നിരവധി കഥാപാത്രങ്ങളും ഡയലോഗുകളുമുണ്ട്.
ദിലീപിന് വമ്പന്‍ കരിയര്‍ ബ്രേക്ക് നല്‍കിയ മീശമാധവനില്‍ പൊട്ടിച്ചിരി പകര്‍ന്ന കഥാപാത്രമായിരുന്നു സലിം കുമാറിന്‍റെ വക്കീല്‍ അഡ്വ. മുകുന്ദനുണ്ണി. ആ കഥാപാത്രത്തിന്‍റെ ഇന്‍സെക്യൂരിറ്റിയും ദൈന്യതയുമൊക്കെ ഒറ്റ ഡയലോഗില്‍ സലിം ആവാഹിച്ചു. കണ്ടാല്‍ ഒരു ലുക്കില്ലെന്നേയുള്ളൂ. ഒടുക്കത്തെ ബുദ്ധിയാ. സലിം കുമാര്‍ സ്റ്റൈലില്‍ ആ ഡയലോഗ് എത്തിയപ്പോള്‍ കണ്ണുനീര്‍ നനവുള്ള ഒരു പൊട്ടിച്ചിരി അത് തിയറ്ററുകളില്‍ വിതറി. ഏത് സന്ദര്‍ഭത്തിലും നമുക്ക് അനായാസം എടുത്തുപയോഗിക്കാന്‍ പറ്റുന്നവ ആയതിനാലാണ് ആ ഡയലോഗുകള്‍ ഇപ്പോഴും മീമുകളായി കിടന്ന് കളിക്കുന്നത്. ഹലോയിലെ സലിമിന്റെ ചിദംബരം എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗിന്റെ അവസാനം ഇങ്ങനെയാണ്- പേടിക്കണ്ട, ഓടിക്കോ... നമ്മുടെ നിത്യജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ക്ക് എളുപ്പത്തില്‍ വഴക്കി എടുക്കാം എന്നതായിരുന്നു ഈ ഡയലോഗുകളുടെയൊക്കെ മേന്മ. ദിദൊക്കെ എന്ത് എന്ന മായാവിയിലെ സ്രാങ്കിന്‍റെ സ്വയം ഞെളിയലും ഇത്തരത്തില്‍ ഒന്നാണ്. തങ്ങള്‍ക്ക് അറിയാത്ത ഒരു വിഷയം മറ്റൊരാള്‍ വിശദീകരിക്കുമ്പോള്‍ സുഹൃത്തിന്‍റെ ചെവിയില്‍ അടക്കം പറയാവുന്ന ഒന്നായിരുന്നു ആയിരുന്നു ചട്ടമ്പിനാടിലെ മാക്രി ഗോപാലന്‍ പറഞ്ഞ ഡയലോഗ്. പണ്ഡിതന്‍ ആണെന്ന് തോന്നുന്നു എന്നായിരുന്നു അത്. എല്ലാം ശഡപഡേ ശഡപടേന്നായിരുന്നു എന്നാണ് കല്യാണരാമനിലെ പ്യാരിലാല്‍ പറഞ്ഞത്.
മറ്റ് കോമഡി താരങ്ങളെപ്പോലെ സ്വന്തം ദുരവസ്ഥയിലൂടെ ചിരിപ്പിച്ച നിരവധി ഹിറ്റ് ഡയലോഗുകളും അദ്ദേഹത്തിന്‍റേതായി ഉണ്ട്. കഴുത്ത് വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്‍റെ തലയില്‍ ആന ചവുട്ടിയതുപോലെ എന്നാണ് പച്ചക്കുതിരയിലെ ചന്ദ്രന്‍ ഒരു ഘട്ടത്തില്‍ പറയുന്നത്. കോണ്‍ഫിഡന്‍സ് ഉള്ള കാര്യത്തില്‍ സുഹൃത്തുക്കളോട് വീമ്പ് പറയാവുന്ന ഡയലോഗ് ആയിരുന്നു മായാവിയിലെ സ്രാങ്കിന്‍റേത്- ആശാന്‍ മുന്‍പേ നടക്കും. ശിഷ്യന്‍ പിറകേ നടന്നാല്‍ മതി. സ്വന്തം അച്ഛനെക്കുറിച്ചോ മറ്റൊരാളുടെ അച്ഛനെക്കുറിച്ചോ സ്നേഹത്തില്‍ വിമര്‍ശിക്കാവുന്ന ഡയലോഗ് ആയിരുന്നു പുലിവാല്‍കല്യാണത്തിലെ മണവാളന്‍റെ ഡയലോഗ്- അച്ഛന്‍ ആണത്രെ, അച്ഛന്‍, എന്നായിരുന്നു അത്. എനിക്ക് വിശപ്പിന്‍റെ അസുഖമുള്ള ആളാണേ എന്നാണ് തൊമ്മനും മക്കളും എന്ന ചിത്രത്തിലെ രാജാകണ്ണ് പറയുന്നത്. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണിക്ക് നിത്യജീവിതത്തില്‍ നമ്മെ പിന്നീട് പറയിപ്പിച്ച മറ്റൊരു ഡയലോഗ് കൂടിയുണ്ട്- നന്ദി മാത്രേ ഉള്ളൂ അല്ലേ എന്നാണ് അത്. കല്യാണരാമനിലെ പ്യാരിലാല്‍ ദിലീപിന്‍റെ നായകനെ ആശ്വസിപ്പിക്കുന്നത്- തളരരുത് രാമന്‍കുട്ടീ തളരരുത് എന്നാണ്. നിരവധി ഐക്കോണിക്ക് ഡയലോഗുകള്‍ അമ്മാനമാടിയ ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിന്‍റെ ഒരു ഡയലോഗ് ഇങ്ങനെ- ഇത്രയ്ക്ക് പോപ്പുലര്‍ ആയ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീ. മായാവിയിലെ സ്രാങ്കിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഭീകരനാണവന്‍, കൊടും ഭീകരന്‍ എന്ന് തോന്നിപ്പിക്കുന്ന എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ, സന്ദര്‍ഭങ്ങളിലൂടെ, ഡയലോഗുകളിലൂടെ സലിം കുമാര്‍ ഇവിടെത്തന്നെ ഉണ്ടാവും.



