തിങ്കളാഴ്ചയാണ് സല്‍മാന്‍റെ പിറന്നാള്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് (Salman Khan) പാമ്പുകടിയേറ്റു (snake bite). പിറന്നാളിന് രണ്ട് ദിവസം ശേഷിക്കെ, ശനിയാഴ്ച രാത്രിയിലാണ് പന്‍വേലിലെ ഫാം ഹൗസില്‍ (Panvel farm house) വച്ച് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. എന്നാല്‍ വിഷമില്ലാത്ത ഇനം പാമ്പായിരുന്നു ഇത്. കൈയിലാണ് കടിയേറ്റത്. ഉടന്‍ തന്നെ നവി മുംബൈയിലെ കമോത്തെയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ആശുപത്രി വിടുകയും ചെയ്‍തു. 

തിങ്കളാഴ്ചയാണ് സല്‍മാന്‍ ഖാന്‍റെ 56-ാം പിറന്നാള്‍. പിറന്നാളാഘോഷങ്ങള്‍ക്കായാണ് അദ്ദേഹം ഫാം ഹൗസില്‍ എത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സല്‍മാനെ എട്ട് മണിക്കൂറുകള്‍ക്കു ശേഷം വിട്ടയച്ചുവെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള സല്‍മാന്‍ ഖാന്‍റെ പിറന്നാളാഘോഷം ഇതേ ഫാം ഹൗസില്‍ വച്ചായിരുന്നു.

താന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് സീസണ്‍ 15 വേദിയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചിരുന്നു. രാജമൗലിയുടെ 'ആര്‍ആര്‍ആറി'ലെ താരങ്ങളായ അലിയ ഭട്ട്, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും വേദിയില്‍ അതിഥികളായി എത്തിയിരുന്നു. അതേസമയം 'അന്തിം: ദ് ഫൈനല്‍ ട്രൂത്ത്' എന്ന ചിത്രത്തിലാണ് സല്‍മാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൈഗര്‍ 3 ആണ് സല്‍മാന്‍റെ അടുത്ത ചിത്രം.