മുംബൈ: ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പാണ് അലി അബ്ബാസ്​ സഫർ സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രം 'ഭാരതിൽ' നിന്ന് നടി​ പ്രിയങ്ക ചോപ്ര പിൻമാറിയത്. അമേരിക്കൻ ​ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതിൽനിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയെക്കാളും തന്റെ വിവാഹത്തിന് പ്രധാന്യം നൽകിയ പ്രിയങ്കയുടെ തീരുമാനത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്  സൽമാൻ ഖാൻ.

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്. ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചതെന്ന് സൽമാൻ ഖാൻ പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാൽ അവർ കാരണമാണ് ചിത്രത്തിൽ നായികയായി കത്രീന കെയ്ഫ് എത്തിയത്. ചിത്രത്തിൽനിന്ന് പ്രിയങ്ക പിന്മാറിയിരുന്നില്ലെങ്കിൽ കത്രീനയെ എങ്ങനെ ചിത്രത്തിൽ അഭിനയിപ്പിക്കുമായിരുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞു. 
 
പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയ്യതി മാറ്റാമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭാരതിന്റെ ട്രെയിലർ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു. 

ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് രണ്ട് ദിവസങ്ങളിലായാണ് പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം നടന്നത്. ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം.  

ചിത്രത്തിൽ നിന്ന പ്രിയങ്ക പിന്മാറിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിവാഹനിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും നല്‍കാതെ ചിത്രത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ലെന്ന് സിനിമയുടെ സഹനിര്‍മാതാവായ നിഖില്‍ നമിത് ട്വിറ്ററിൽ കുറിച്ചിരുന്നു. 

തുടർച്ചയായി സൽമാൻ ഖാനും കത്രീനയും ഒന്നിച്ചഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭാരത്. ഇരുവരും ഒന്നിച്ചെത്തിയ ടൈഗർ സിന്ദാ ഹെയും ഏക് ദാ ടൈഗറും വൻ ഹിറ്റുകളായിരുന്നു. തബു, ദിഷാ പട്ടാനി, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ഭാരതിലെ മറ്റ് പ്രധാന താരങ്ങൾ. 2014-ൽ റിലീസായ ദക്ഷിണ കൊറിയൻ ചിത്രം ഓഡ് ടു മൈ ഫാദർ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. ചിത്രം ജൂണ അഞ്ചിന് പ്രദർശനത്തിനെത്തും.