സൽമാൻ ഖാൻ നായകനായ സിക്കന്ദർ ഒടിടിയിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പ്രമോ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടി. സിനിമയേക്കാൾ മികച്ചതാണ് പ്രമോ വീഡിയോ എന്നാണ് ആരാധകരുടെ അഭിപ്രായം.

മുംബൈ: സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ സിക്കന്ദര്‍ കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഇതിനോട് അനുബന്ധിച്ച് ഒരു പ്രമോ വീഡിയോ നെറ്റ്ഫ്ലിക്സും സല്‍മാന്‍ ഖാനും ചേര്‍ന്ന് പുറത്തുവിട്ടിരുന്നു. അതേ സമയം ഈ പ്രമോ വീ‍ഡിയോ സിനിമയിലെ സല്‍മാന്‍റെ അഭിനയത്തേക്കാള്‍ കൊള്ളാം എന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. 

നെറ്റ്ഫ്ലിക്സിലെ ഒരു അസിസ്റ്റന്റ് ഡയറക്ടറുമൊത്ത് സല്‍മാന്‍ പോകുന്നതാണ് പ്രമോ വീഡിയോയില്‍ കാണിക്കുന്നത്. അപ്പോഴാണ് കുറച്ച് ഗുണ്ടകൾ അതിക്രമിച്ചു കയറുന്നത്. സൽമാൻ ഗുണ്ടകളുമായി ഫൈറ്റ് ചെയ്യുന്നു. നെറ്റ്ഫ്ലിക്സിൽ തന്റെ സിനിമ എപ്പോൾ കാണണമെന്ന് സൽമാൻ ആരാധകരെ അറിയിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

അതേ സമയം സിക്കന്ദര്‍ 200 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 33 ദിവസം കൊണ്ട് ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ 130.89 കോടി ആയിരുന്നു ഗ്രോസ് കളക്ഷനാണ് ഇത്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍ 110.36 കോടിയും ആയിരുന്നു. വിദേശത്തുനിന്ന് നേടിയ 54 കോടി ഉള്‍പ്പെടെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 184.89 കോടി ആയിരുന്നു. അതായത് ബജറ്റ് മറികടക്കാന്‍ പോലും ചിത്രത്തിന് സാധിച്ചില്ല.

അതേസമയം ചിത്രത്തിന്‍റെ മറ്റ് റൈറ്റ്സുകള്‍ കാരണം ചിത്രം റിലീസിന് മുന്‍പ് തന്നെ നിര്‍മ്മാതാവിനെ സേഫ് ആക്കിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തിന്‍റെ (പോസ്റ്റ് തിയട്രിക്കല്‍) ഒടിടി റൈറ്റ്സിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 85 കോടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ അനുസരിച്ച് മാറ്റം വരുന്ന തുക കൂടിയായിരുന്നു ഇത്. 

ചിത്രം ബോക്സ് ഓഫീസില്‍ 350 കോടിയിലേറെ നേടിയാല്‍ 85 കോടിയുടെ സ്ഥാനത്ത് നെറ്റ്ഫ്ലിക്സ് 100 കോടി വരെ നല്‍കേണ്ടിയിരുന്നു. എന്നാല്‍ അത് നടക്കാത്തതിനാല്‍ നെറ്റ്ഫ്ലിക്സ് കൂടുതല്‍ തുക നല്‍കേണ്ടിവന്നില്ല. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് സീ ചാനലിലാണ്. 50 കോടിയാണ് സീ നല്‍കുന്നത്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് കമ്പനിക്കാണ്. 30 കോടിയാണ് ഈ ഇനത്തില്‍ ലഭിക്കുക. എല്ലാം ചേര്‍ത്ത് 165 കോടി. 

YouTube video player

നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, സല്‍മാന്‍ ഖാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സാജിദ് നദിയാദ്‍വാലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ എആര്‍ മുരുഗദോസ് ആണ്.