അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന 'ബാറ്റിൽ ഓഫ് ഗാൽവാന്റെ' ലഡാക്കിലുള്ള ലൊക്കേഷനിൽ വച്ചാണ് പരിക്ക് സംഭവിച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നത്

നടൻ സൽമാൻ ഖാന് ചിത്രീകരണ വേളയിൽ പരിക്ക് പറ്റിയതായി റിപോർട്ടുകൾ. സൽമാൻ ഖാൻ നായകനായി എത്തുന്ന അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന 'ബാറ്റിൽ ഓഫ് ഗാൽവാന്റെ' ലഡാക്കിലുള്ള ലൊക്കേഷനിൽ വച്ചാണ് പരിക്ക് സംഭവിച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നത്. സുപ്രധാന ഭാഗങ്ങളുടെ ചിത്രീകരണ വേളയിലാണ് പരിക്ക് സംഭവിച്ചതെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത്. ലഡാക്കിലെ ലൊക്കേഷനിലെ പ്രതികൂലമായ കാലാവസ്ഥയും കഠിനമായ ചിത്രീകരണ സാഹചര്യവുമാണ് ഇത്തരത്തിലൊരു അപകടത്തിലേക്ക് വഴിവച്ചതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രീകരണ വേളയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

സൽമാൻ ഖാനും സംഘവും ലഡാക്കിൽ മൈനസ് പത്ത് ഡിഗ്രി ഊഷ്മാവിലാണ് ചിത്രീകരണം നടത്തിയിരുന്നത്. കാലാവസ്ഥയിൽ വന്ന മാറ്റവും ഒപ്പം ഓക്സിജന്റെ ലെവലിൽ വന്ന കുറവും ഒപ്പം ചിത്രീകരണ വേളയിൽ സംഭവിച്ച ശാരീരിക ബുദ്ധിമുട്ടുകളും സൽമാനെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ആക്ഷന് പ്രാധാന്യമുള്ള രംഗങ്ങള്‍ ഉള്‍പ്പെടെ നീണ്ട നാൽപ്പത്തിയഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ പതിനഞ്ച് ദിവസവും സൽമാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ചിത്രീകരണം പൂർത്തിയായ ശേഷമാണ് നടൻ മുംബൈയിലേക്ക് തിരിച്ചു പോയതെന്നാണ് റിപോർട്ടുകൾ.

മുംബൈയിൽ ഇപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിശ്രമത്തിലാണ് സല്‍മാന്‍ ഖാന്‍. എന്നാൽ ഇതുവരെയും പരിക്കിനെ കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തു വരാത്തതിനാൽ അദ്ദേഹത്തിന്റെ ആരാധകരും പരിഭ്രാന്തിയിലാണ്. എന്നാൽ ചിത്രത്തിന്റെ തുടർന്നുള്ള മുംബൈ ഷെഡ്യൂൾ ഉടനെ തുടങ്ങുമെന്നാണ് റിപോർട്ടുകൾ. 2020 ലെ ഇന്ത്യ- ചൈന ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ചിത്രം ഈ അടുത്ത വർഷം റീലിസിനെത്തുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.

നേരത്തെ ചിത്രീകരണ വേളയിലെ ചിത്രങ്ങൾ സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. അതുപോലെ 'ബാറ്റിൽ ഓഫ് ഗാൽവാനി'ലെ കഥാപാത്രത്തിന് സൽമാൻ ഖാൻ എടുത്ത തയ്യാറെടുപ്പുകളും ശ്രദ്ധേയമായിരുന്നു. സികന്ദറാണ് ഏറ്റവുമൊടുവിൽ സൽമാന്റേതായി റിലീസിനെത്തിയ ചിത്രം. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം ചെയ്ത ചിത്രം 184 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്.