ഗൽവാനിലെ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തെ നയിച്ച കേണൽ ബി സന്തോഷ് ബാബു എന്ന ഓഫീസറായാണ് സൽമാൻ എത്തുന്നത്.
ദില്ലി: പുതിയ ചിത്രമായ 'ബാറ്റിൽ ഓഫ് ഗാൽവാനി'ൽ ജോയിൻ ചെയ്ത് സൽമാൻ ഖാൻ. ലഡാക്കിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംവിധായകന്‍ അപൂര്‍വ ലാഖിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ പോസ്റ്റർ ഉൾക്കൊള്ളുന്ന ഒരു ഐഡി കാർഡിന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സൽമാൻ ഖാൻ ഒരു ആക്ഷൻ രംഗത്തിനായി തയ്യാറെടുക്കുന്നതിന്റെ ഒരു ചിത്രം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുന്നത് എന്നതിനാൽ തന്നെ ശാരീരികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് സൽമാൻ ഖാൻ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സൽമാൻ ഖാൻ തീവ്രമായ പരിശീലനത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായി അദ്ദേഹം കഠിനമായ ഫിറ്റ്നസിലും ഡയറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വീട്ടിലെ ജിമ്മിൽ ഉയർന്ന മർദ്ദമുള്ള ചേമ്പറിൽ പരിശീലനം നടത്തുകയും ജങ്ക് ഫുഡ്, കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉപയോഗം അദ്ദേഹം കുറക്കുകയും ചെയ്തതായാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഭാരോദ്വഹനത്തിലും കാർഡിയോയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൽമാന്റെ സഹായത്തിനായി ഒരു പേഴ്സണൽ ട്രെയിനറുടെ സേവനവുമുണ്ട്.
2020 ജൂണിൽ നടന്ന ഇന്ത്യ-ചൈന സംഘർഷവും ഇരുവിഭാഗം സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലും അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ബാറ്റിൽ ഓഫ് ഗൽവാൻ. ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികരെ നയിച്ച കേണൽ ബി സന്തോഷ് ബാബു എന്ന ഓഫീസറായാണ് സൽമാൻ എത്തുന്നത്. ചിത്രാംഗദ സിംഗ്, സെയ്ൻ ഷാ, അങ്കുർ ഭാട്ടിയ, ഹർഷിൽ ഷാ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിക്കന്ദർ എന്ന ചിത്രത്തിന് ശേഷം സൽമാൻ ഖാൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ഓഗസ്റ്റ് 24ന് പുതിയ സീസൺ ആരംഭിക്കുന്ന ബിഗ് ബോസിന്റെ അവതാരകനായും അദ്ദേഹം തിരിച്ചെത്തും.


