തന്‍റെ അടുത്ത സിനിമയില്‍ കൊറിയോഗ്രഫി ചെയ്യാന്‍ അവസരം നല്‍കുമെന്ന് സല്‍മാന്‍ സരോജ ഖാന് ഉറപ്പ് നല്‍കി.

ദില്ലി: സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ ബോളിവുഡ് കൊറിയോഗ്രാഫര്‍ക്ക് സഹായവുമായി സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. സിനിമയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ പ്രശസ്ത കൊറിയോഗ്രാഫര്‍ സരോജ ഖാന് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്‍റെ അടുത്ത സിനിമയില്‍ കൊറിയോഗ്രഫി ചെയ്യാന്‍ അവസരം നല്‍കുമെന്ന് സല്‍മാന്‍ സരോജ ഖാന് ഉറപ്പ് നല്‍കി. 

സരോജ ഖാനെ സന്ദര്‍ശിച്ച സല്‍മാന്‍ പുതിയ സിനിമാ വിശേഷങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡാന്‍ഡ് ക്ലാസുകള്‍ നടത്തുകയാണെന്നും സരോജ ഖാന്‍ പറഞ്ഞത്. ഇതോടെ തന്‍റെ അടുത്ത സിനിമയില്‍ കൊറിയോഗ്രഫി ചെയ്യാന്‍ സല്‍മാന്‍ സരോജയ്ക്ക് അവസരം നല്‍കുകയായിരുന്നു. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സരോജ ഖാന്‍റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് സല്‍മാനോടൊപ്പമുള്ള ചിത്രം സരോജ ഖാന്‍ പങ്കുവെച്ചത്. കങ്കണ റണാവത്ത് നായികയായെത്തിയ ചരിത്രസിനിമ മണികര്‍ണികയുടെ കൊറിയോഗ്രാഫര്‍ ആണ് സരോജ ഖാന്‍. 1994-ല്‍ പുറത്തിറങ്ങിയ 'അന്താസ് അപ്ന അപ്ന'എന്ന ചിത്രത്തിലെ വ്യത്യസ്ത അഭിപ്രായങ്ങളെ തുടര്‍ന്ന് അകല്‍ച്ചയിലായിരുന്ന സല്‍മാനും സരോജ ഖാനും പിന്നീട് സൗഹൃദത്തിലാകുകയായിരുന്നു.

View post on Instagram