2018ല്‍ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ 'മുല്‍ഷി പാറ്റേണി'നെ ആസ്‍പദമാക്കിയ ചിത്രം

സല്‍മാന്‍ ഖാന്‍ (Salman Khan) നായകനായെത്തിയ കഴിഞ്ഞ ചിത്രം ഇന്ത്യയില്‍ തിയറ്ററുകളിലല്ല, മറിച്ച് ഒടിടി പ്ലാറ്റ്ഫോമിലായിരുന്നു റിലീസ് ആയത്. പ്രഭുദേവയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ 'രാധെ' ആയിരുന്നു ആ ചിത്രം. 'ഹൈബ്രിഡ് റിലീസ്' മാതൃകയില്‍ എത്തിയ ചിത്രം ഇന്ത്യയില്‍ ഒടിടിയിലും വിദേശത്ത് തിയറ്റര്‍ റിലീസും ആയിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍റെ അടുത്ത ചിത്രം ഇന്ത്യയിലും തിയറ്റര്‍ റിലീസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി (Release Date) പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.

മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന 'അന്തിം: ദി ഫൈനല്‍ ട്രൂത്ത്' (Antim) ആണ് ചിത്രം. നവംബര്‍ 26ന് ചിത്രം തിയറ്ററുകളിലെത്തും. സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ വിതരണം സീ സ്റ്റുഡിയോസ് ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇതും. പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് എന്നതും പ്രത്യേകതയാണ്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായകന്‍. തന്‍റെ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തുരത്തുകയാണ് അദ്ദേഹത്തിന്‍റെ മിഷന്‍. ഒരു ഗ്യാങ്സ്റ്റര്‍ ആണ് ആയുഷ് ശര്‍മ്മയുടെ കഥാപാത്രം.

Scroll to load tweet…

പ്രഗ്യ ജയ്‍സ്വാള്‍, ജിഷു സെന്‍ഗുപ്‍ത, നികിതിന്‍ ധീര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി വരുണ്‍ ധവാനും എത്തുന്നു. ഈ വര്‍ഷം ജനുവരിയില്‍ ചിത്രീകരണമാരംഭിച്ച ചിത്രം ജൂലൈയില്‍ പാക്കപ്പ് ആയിരുന്നു. പ്രവീണ്‍ തര്‍ദെയുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ മറാത്തി ക്രൈം ഡ്രാമ 'മുല്‍ഷി പാറ്റേണി'നെ ആസ്‍പദമാക്കിയാണ് മഹേഷ് മഞ്ജ്‍രേക്കര്‍ ചിത്രം ഒരുക്കുന്നത്.