ആമിര്‍ ഖാനെ സന്ദര്‍ശിച്ച് സല്‍മാന്‍ ഖാന്‍; എത്തിയത് 'പഠാന്‍' റിലീസിന് തലേന്ന്
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് ഈ ചിത്രം

ബോളിവുഡ് വ്യവസായത്തിന്‍റെ നട്ടെല്ലായിരുന്നു ദീര്‍ഘകാലം ഖാന്‍ ത്രയം, അഥവാ ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍. എന്നാല്‍ വിജയ പരാജയങ്ങള്‍ ഇടകലര്‍ന്നുവന്ന സമീപകാല ചരിത്രമാണ് അവരുടേത്. അതേസമയം കൊവിഡ് കാലത്തെ തകര്‍ച്ചയില്‍ നിന്ന് ഹിന്ദി സിനിമാ വ്യവസായത്തെ തന്നെ കൈപിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. കരിയറിലെ വിജയ പരാജയങ്ങളാലൊന്നും സ്വാധീനിക്കപ്പെടുന്ന സൌഹൃദമല്ല അവരുടേത്. പഠാനില്‍ സല്‍മാന്‍ ഖാന്‍റെ അതിഥിവേഷത്തിന് വലിയ കൈയടിയാണ് ലഭിച്ചത്. ഇപ്പോഴിതാ ആമിറിന്‍റെ അതിഥിയായെത്തിയ സല്‍മാന്‍ ഖാന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ആമിര്‍ ഖാന്‍റെ സഹോദരി നിഖാത് ഹെഗ്‍ഡെ, അമ്മ സീനത് ഹുസൈന്‍ എന്നിവര്‍ സല്‍മാന്‍ എത്തിയപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം സല്‍മാനെ നിര്‍ത്തി ഒരു ഫോട്ടോ ക്ലിക്ക് ചെയ്യുന്ന ആമിറിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പഠാന്‍ റിലീസ് ആവുന്നതിന്‍റെ തലേദിവസമാണ് ഈ സൌഹൃദ സന്ദര്‍ശനം ഉണ്ടായത് എന്നത് മറ്റൊരു കൌതുകം.
ALSO READ : 'മണ്‍ഡേ ടെസ്റ്റ്' പാസ്സായി 'പഠാന്‍'; ഷാരൂഖ് ചിത്രം തിങ്കളാഴ്ച നേടിയത്
കിസി കാ ഭായ് കിസി കാ ജാന്‍, ടൈഗര്‍ 3 എന്നിവയാണ് സല്‍മാന്‍ ഖാന്‍റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍. പൂജ ഹെഗ്‍ഡെയും കത്രീന കൈഫുമാണ് യഥാക്രമം ഈ ചിത്രങ്ങളിലെ നായികമാര്‍. അതേസമയം മുന്‍പ് ഷാരൂഖ് ഖാന്‍ എടുത്തതുപോലെ കരിയറില്‍ ഒരു ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. കഴിഞ്ഞ വര്‍ഷം വലിയ പ്രതീക്ഷയുമായെത്തിയ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. ഈ പരാജയത്തിനു ശേഷം പുതിയ ചിത്രങ്ങളൊന്നും ആമിര്‍ കരാര്‍ ആയിട്ടില്ല.