റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ആദ്യമായി ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാനെ (Dulquer Salmaan) നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് (Rosshan Andrrews) സംവിധാനം ചെയ്യുന്ന ചിത്രം 'സല്യൂട്ടി'ന്‍റെ (Salute) റിലീസ് തീയതി (Release Date) പ്രഖ്യാപിച്ചു. 2022 ജനുവരി 14ന് ചിത്രം ഇന്ത്യയിലും പുറത്തുമുള്ള സ്ക്രീനുകളില്‍ എത്തും. ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ സ്ക്രീനില്‍ എത്തുക. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി 'സുകുമാരക്കുറുപ്പി'നെ സ്ക്രീനില്‍ അവതരിപ്പിച്ചതിനു ശേഷമുള്ള തൊട്ടടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ കാക്കി അണിയുന്നു എന്നതും കൗതുകമാണ്.
'പ്രതി പൂവന്‍കോഴി'ക്കു ശേഷമുള്ള റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണിത്. ബോബി- സഞ്ജയ് ആണ് തിരക്കഥ. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രം. വേഫയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് നിര്‍മ്മാണം. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക.
മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. മേക്കപ്പ് സജി കൊരട്ടി. വസ്ത്രാലങ്കാരം സുജിത് സുധാകരൻ. ആർട്ട് സിറിൽ കുരുവിള. സ്റ്റിൽസ് രോഹിത്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി. അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ. ഫസ്റ്റ് എ ഡി അമർ ഹാൻസ്പൽ. അസിസ്റ്റന്‍റ് ഡയറക്ടർസ് അലക്സ് ആയിരൂർ, ബിനു കെ നാരായണൻ, സുബീഷ് സുരേന്ദ്രൻ, രഞ്ജിത്ത് മഠത്തിൽ.
