ഗെയിം ഓഫ് ത്രോണ്‍സിനെക്കുറിച്ചുള്ള സാം ബില്ലിങ്ങ്സിന്‍റെ ചോദ്യത്തിന് ട്വിറ്ററില്‍ മറുപടിയുമായി ഐപിഎല്‍ പ്രേമികളും ഗെയിം ഓഫ് ത്രോൺസ് ആരാധകരും
ചെന്നൈ: ലോകമെങ്ങും റെക്കോർഡ് വേഗത്തില്‍ ആരാധകരെ സൃഷ്ടിച്ച പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. കോടിക്കണക്കിന് ആരാധകരാണ് ലോകമെമ്പാടും പരമ്പരയ്ക്കുള്ളത്. ആരാധകര്‍ ഏറെ കാത്തിരുന്ന പരമ്പരയുടെ അവസാന സീസണ്‍ ഇന്നലെയാണ് ആരംഭിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 6.30നായിരുന്നു ഇന്ത്യയില്‍ ആദ്യ എപ്പിസോഡിന്‍റെ പ്രക്ഷേപണം.
ആരാധകരുടെ ഇഷ്ടപരമ്പര ഗെയിം ഓഫ് ത്രോൺസിന് ഐപിഎല്ലിലും കാഴ്ച്ചക്കാരുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലെ കട്ട ഗെയിം ഓഫ് ത്രോൺസ് ആരാധകനാണ് ഇംഗ്ലീഷ് താരമായ സാം ബില്ലിങ്ങ്സ്. ഇന്നലത്തെ മത്സരത്തില്‍ കൊല്‍ക്കത്തയെ 5 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ വിജയിച്ചെങ്കിലും സാം ബില്ലിങ്ങ്സിന് തന്‍റെ പ്രിയ പരമ്പരയെക്കുറിച്ചായിരുന്നു ചിന്ത. ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തു താരം.
ഇന്നലെ പ്രക്ഷേപണം ആരംഭിക്കുന്ന എട്ടാമത്തെ സീസണിലെ ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില്‍ എങ്ങനെ, എവിടെ നിന്നും കാണാമെന്നായിരുന്നു ബില്ലിങ്ങ്സിന് അറിയേണ്ടിരുന്നത്. ഇക്കാര്യം താരം ട്വിറ്ററിലൂടെ ചോദിക്കുകയും ചെയ്തു. എങ്ങനെയാണ് ഗെയിം ഓഫ് ത്രോണ്‍സ് ഇന്ത്യയില്‍ കാണാന്‍ സാധിക്കുകയെന്ന് അറിയാമോയെന്നായിരുന്നു ട്വീറ്റ്.
നിമിഷങ്ങള്‍ക്കുള്ളില്‍ താരത്തിന് ട്വിറ്ററില്‍ ഗെയിം ഓഫ് ത്രോൺസ് ആരാധകരുടെ മറുപടിയെത്തി. ഹോട്ട് സ്റ്റാറില്‍ കാണാമെന്നും ഇന്ത്യന്‍ സമയം രാവിലെ 6.30 തിനാണ് പ്രക്ഷേപണമെന്നുമായിരുന്നു ട്വീറ്റ്. നിരവധിപ്പേരാണ് വിവരങ്ങള്‍ വ്യക്തമാക്കുന്ന മറുപടിയുമായി എത്തിയത്.
ഇന്ന് രാവിലെയിരുന്നു എട്ടാമത്തെ സീസണിലെ ആദ്യത്തെ, എപ്പിസോഡിന്‍റെ ഇന്ത്യയിലെ പ്രക്ഷേപണം. ഏപ്രില്‍ 22 നാകും അടുത്ത എപ്പിസോഡിന്‍റെ പ്രക്ഷേപണം. മറുപടികള്‍ ലഭിച്ചതിനാല്‍ ഏതായാലും സാം ബില്ലിങ്ങ്സ് ഗെയിം ഓഫ് ത്രോൺസ് കണ്ടിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
