തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട നടിയാണ് സാമന്ത. മികച്ച കഥാപാത്രങ്ങളുമായാണ് സാമന്ത എന്നും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താറുള്ളത്. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ആരാധകരോട് സംവദിക്കാനും സാമന്ത സമയം കണ്ടെത്താറുണ്ട്. 10 വര്‍ഷം നീണ്ട തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം ഏതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത.

സാമന്തയുടെ പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ നടൻ അക്കിനേനി നാഗേശ്വര റാവു സംസാരിക്കുന്നതിന്റെ വീഡിയോ ഒരു ആരാധകൻ പങ്കുവെച്ചു. ഗൌതം വാസുദേവ് മേനോന്റെ യെ മായ ചേസവെ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാമന്തയ്‍ക്ക് 51ഉം തന്റെ പേരക്കുട്ടി കൂടിയായ നാഗ ചൈതന്യക്ക് 49ഉം മാര്‍ക്കാണ് നല്‍കുന്നത് എന്നാണ് അക്കിനേനി നാഗേശ്വര റാവു വീഡിയോയില്‍ പറയുന്നത്. പത്ത് വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമാണ് അത് എന്നാണ് ആരാധകന്റെ വീഡിയോ പങ്കുവെച്ച് സാമന്ത പറയുന്നത്. സാമന്തയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ യെ മായ ചേസവെ. അതേസമയം സാമന്തയും നാഗ ചൈതന്യയും വിവാഹിതരായി എന്നത് ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു കാര്യവുമാണ്.