ഇയാളെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞെങ്കിലും പൊലീസിനെ വിളിച്ച് വരുത്തിയ ശേഷം തന്‍റെ സംശയം പറഞ്ഞു. ആ ഇടപെടൽ കേസിൽ എത്രമാത്രം സഹായകരമായി എന്നത് പിന്നീട് കണ്ടതാണെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ആദ്യം പൊലീസിനെ വിളിച്ചറിയിച്ചത് താനാണെന്ന് നടൻ ലാൽ. അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപി ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ്. പിടി തോമസ് അല്ല. അതിനുശേഷമാണ് പിടി തോമസ് ഒക്കെ വരുന്നത്. ഡ്രൈവർ മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ പി.ടി തോമസ് സർ ഈ മാർട്ടിൻ എന്നു പറയുന്ന ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം, അയാൾക്ക് നല്ല പെയ്ൻ ഉണ്ട് എന്നു പറഞ്ഞപ്പോൾ, അതു നിൽക്കട്ടെ മാർട്ടിന്‍റെ അഭിനയം ശരിയല്ലെന്ന് ഞാനാണ് ആദ്യം പറഞ്ഞത്. ഡ്രൈവറുടെ പെരുമാറ്റം കണ്ടപ്പോൾ സംശയം തോന്നിയിരുന്നുവെന്നും ലാൽ പറഞ്ഞു. തൃക്കാക്കര എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസ് ആണ് നടി ആക്രമിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചതെന്ന് പ്രചാരണമുണ്ടായിരുന്നു.

ഇയാളെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞെങ്കിലും പൊലീസിനെ വിളിച്ച് വരുത്തിയ ശേഷം തന്‍റെ സംശയം പറഞ്ഞു. ആ ഇടപെടൽ കേസിൽ എത്രമാത്രം സഹായകരമായി എന്നത് പിന്നീട് കണ്ടതാണെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിച്ചു. അതിൽ സന്തോഷമുണ്ട്. ഞാൻ മിണ്ടണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. ആ കുട്ടി അന്ന് വീട്ടിലേക്ക് കയറി വന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്നങ്ങളുമൊക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരെയും കൊന്നു കളയണമെന്നാണ് എനിക്ക് ആ സമയത്ത് തോന്നിയത്. പക്ഷേ, പിന്നീട് നമ്മൾ സാവകാശം ചിന്തിക്കുമ്പോൾ അവർക്കെല്ലാവർക്കും കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടണം എന്നു പ്രാർഥിച്ചിരുന്നു. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം.

കോടതി വിധിയിൽ സന്തോഷമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്ക് ഉള്ളത്. പൂർണ്ണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ലാൽ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയ്യാറാണെന്നും ലാൽ വ്യക്തമാക്കി. നിലവിലെ വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ലെന്ന് ലാൽ പറഞ്ഞു. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.